ഇരട്ടക്കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി; പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തും

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ഇരട്ടക്കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി; പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 
ഇരട്ടകൊലപാതകത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്തുന്നതിന് ഉചിതമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊലപാതകത്തില്‍ കോണ്‍ഗ്രസ് ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തിരുവോണത്തിന് കോണ്‍ഗ്രസ് ഇട്ടത് ചോര പൂക്കളമാണ്. ആസൂത്രിതമായ കൊലപാതകമാണ് വെഞ്ഞാറമൂട്ടില്‍ നടന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഷജിത്താണ് പിടിയിലായത്. വീട്ടില്‍ നിന്നാണ് ഷജിത്തിനെ പിടികൂടിയത്. ഷജിത്താണ് ഗൂഢാലോചന നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്.

ഷജിത്ത് വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട് വളയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലംപ്രയോഗിച്ചാണ് ഷജിത്തിനെ പൊലീസ് കൊണ്ടുപോയത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് പറയുന്നത്.

വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജംക്ഷനില്‍ ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം.സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ് വ്യക്തമാക്കി. അക്രമി സംഘമെത്തിയ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരോടൊപ്പം ഉണ്ടായിരുന്ന സഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് എസ്എഫ്‌ഐ തേമ്പാമുട് മേഖല സെക്രട്ടറിയായ സഹിന്‍ പൊലീസിന് മൊഴി നല്‍കി. ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും വാഹനം തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഡിവൈഎഫ്‌ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. സംഭവത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ, സിപിഎം നേതൃത്വം ആരോപിച്ചു. തുടര്‍ച്ചയായി സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് തേമ്പാന്‍മൂട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com