'തിരുവോണത്തിന് കോൺ​ഗ്രസ് ഇട്ടത് ചോര പൂക്കളം': കോടിയേരി ബാലകൃഷ്ണന്‍

തിരുവോണത്തിന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
'തിരുവോണത്തിന് കോൺ​ഗ്രസ് ഇട്ടത് ചോര പൂക്കളം': കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: തിരുവോണത്തിന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരട്ട കൊലപാതകത്തിൽ കോൺഗ്രസ്  ഉന്നത തലത്തിൽ ഗൂഢാലോചന നടന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേതുമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

അതേസമയം വെഞ്ഞാറമൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ തടഞ്ഞുനിർത്തി വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഷജിത്താണ് പിടിയിലായത്. വീട്ടിൽ നിന്നാണ് ഷജിത്തിനെ പിടികൂടിയത്. ഷജിത്താണ് ഗൂഢാലോചന നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്.

ഷജിത്ത് വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ വീട് വളയുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് ബലംപ്രയോഗിച്ചാണ് ഷജിത്തിനെ പൊലീസ് കൊണ്ടുപോയത്. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് പറയുന്നത്.

വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്ഷനിൽ ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം.സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ് വ്യക്തമാക്കി. അക്രമി സംഘമെത്തിയ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരോടൊപ്പം ഉണ്ടായിരുന്ന സഹിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് എസ്എഫ്‌ഐ തേമ്പാമുട് മേഖല സെക്രട്ടറിയായ സഹിൻ പൊലീസിന് മൊഴി നൽകി. ബൈക്കിൽ പോവുകയായിരുന്ന മൂവരെയും വാഹനം തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഡിവൈഎഫ്‌ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്‌ഐ, സിപിഎം നേതൃത്വം ആരോപിച്ചു. തുടർച്ചയായി സിപിഎം കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാൻമൂട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com