മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും, നീട്ടാൻ സമ്മർദ്ദം; കേന്ദ്രസർക്കാർ നിലപാട് ഇന്ന് സുപ്രീംകോടതിയിൽ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഡിസംബർ 31 വരെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കേരളം കത്തെഴുതി. മറ്റു സംസ്ഥാനങ്ങളും ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. മൊറട്ടോറിയം നീട്ടേണ്ടതില്ലെന്നാണു റിസർവ് ബാങ്കിന്റെ നിലപാട്. 

മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും ഈ കാലയളവിലെ ഭീമമായ പലിശയിൽ ഇളവു നൽകണമെന്നും കേന്ദ്രത്തോട് അഭ്യർഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു തവണകളായാണ് ആറ് മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയത്. കാലാവധി നീട്ടി നൽകിയില്ലായെങ്കിൽ  സെപ്റ്റംബർ ഒന്നുമുതൽ വായ്പകൾ തിരിച്ചടച്ച് തുടങ്ങണം. മൊറട്ടോറിയം തെരഞ്ഞെടുത്തവർക്ക് ഈ കാലയളവിലെ പലിശ കൂടി തിരിച്ചടവ് തുകയിൽ ഉൾപ്പെടും. 

ഈ സാഹചര്യത്തിൽ പലിശയ്ക്കു മേൽ പലിശ വരുന്നതോടെ പ്രതിമാസ തിരിച്ചടവു തുക വർധിക്കും. മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ ഇന്ന് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

മൊറട്ടോറിയം കാലയളവിലെ പലിശ മാത്രം 2 ലക്ഷം കോടി രൂപ വരുമെന്നാണു റിസർവ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ച കണക്ക്.  മൊറട്ടോറിയം തെരഞ്ഞെടുത്തതിനാൽ സംഭവിച്ച വായ്പാ മുടക്കം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. എന്നാൽ, സെപ്റ്റംബർ മുതൽ മുടങ്ങിയാൽ ബാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com