ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറും; കേരളത്തിൽ അതീവ ജാ​ഗ്രത

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലിൽപ്പോകുന്നത് നിരോധിച്ചു
ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറും; കേരളത്തിൽ അതീവ ജാ​ഗ്രത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ന്യൂനമര്‍ദം ആറു മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകും. 12 മണിക്കൂറിനകം തീവ്രന്യൂനമര്‍ദം ബുറേവി ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തെത്തും. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽകേരളത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ശക്തമായ കാറ്റും അതീതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തെക്കൻ കേരളത്തിലും തെക്കൻ തമിഴ്‌നാട്ടിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 

തെക്കൻ കേരളത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്രമഴയുണ്ടാകുമെന്നാണ് പ്രവചനം.  വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും. ഇന്ന്  തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

ബുധനാഴ്ച നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ മുതൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കൻ തീരങ്ങളിൽ 75 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലിൽപ്പോകുന്നത് നിരോധിച്ചു.

രക്ഷാപ്രവർത്തനത്തിനായി നാവികസേന, കോസ്റ്റൽ ഗാർഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ദുരന്ത പ്രതികരണസേനയുടെ ഏഴ് സംഘങ്ങളെക്കൂടി ആവശ്യപ്പെട്ടു. മറ്റ് കേന്ദ്രസേനകളോടും സജ്ജരായിരിക്കാൻ നിർദേശം നൽകി. ശബരിമലയിൽ പ്രത്യേകജാഗ്രത പുലർത്തും. അതിതീവ്രമഴയുണ്ടായാൽ ചെറിയ അണക്കെട്ടുകൾ തുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com