കോവിഡ് : സ്‌പെഷ്യല്‍ തപാല്‍ വോട്ട് ഇന്നുമുതല്‍ ; തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം, നടപടിക്രമങ്ങള്‍ ഇപ്രകാരം...

ബാലറ്റ് കൈമാറുന്ന പ്രക്രിയക്ക് സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ സാക്ഷികളാകാം
കോവിഡ് : സ്‌പെഷ്യല്‍ തപാല്‍ വോട്ട് ഇന്നുമുതല്‍ ; തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം, നടപടിക്രമങ്ങള്‍ ഇപ്രകാരം...

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലയില്‍ കോവിഡുമായി ബന്ധപ്പെട്ട പ്രത്യേക തപാല്‍ വോട്ടിങ് ഇന്നു മുതല്‍ ആരംഭിക്കും. അതത് ജില്ലകളിലെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ വോട്ട് സ്‌പെഷ്യല്‍ പോളിങ് ടീം നേരിട്ടെത്തി രേഖപ്പെടുത്തുകയാണ് ചെയ്യുക. താമസിക്കുന്ന സ്ഥലത്തോ ചികില്‍സാ കേന്ദ്രത്തിലോ എത്തിയാണ് വോട്ടു ചെയ്യിക്കുന്നത്. 

സ്ഥാനാര്‍ഥിയുടെ പേരിനുനേരെ ടിക് മാര്‍ക്കോ ഇന്റു മാര്‍ക്കോ രേഖപ്പെടുത്താം. മറ്റ് സ്ഥാനാര്‍ഥികളുടെ കോളത്തിലേക്ക് ഇത് നീങ്ങരുത്. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മൂന്ന് ബാലറ്റ് പേപ്പറുണ്ടാകും. വോട്ട് രേഖപ്പെടുത്തിയശേഷം മൂന്ന് സത്യപ്രസ്താവന സഹിതം മൂന്ന് കവറിലാക്കി ഒട്ടിക്കണം. മൂന്ന് കവറും മറ്റൊരു വലിയ കവറിലാക്കി വേണം പോളിങ് ടീമിന് കൈമാറാന്‍. വരണാധികാരിക്ക് തപാലിലോ ആള്‍വശമോ എത്തിക്കാനുമാകും. കവറുകളടക്കം എല്ലാ സാമഗ്രികളും സ്‌പെഷ്യല്‍ പോളിങ് ടീം എത്തിക്കും.

ബാലറ്റ് കൈമാറുന്ന പ്രക്രിയക്ക് സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ സാക്ഷികളാകാം. ആശുപത്രിയില്‍ ആണെങ്കില്‍പ്പോലും രഹസ്യമായി വോട്ടിന് സൗകര്യം ഒരുക്കും. വോട്ടെടുപ്പിന്റെ തലേദിവസം പകല്‍ മൂന്നുവരെ തപാല്‍വോട്ടിനുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റ് ഓരോ ദിവസവും തയ്യാറാക്കും. ഇതനുസരിച്ച് യഥാസമയം ബാലറ്റുമായി പോളിങ് ടീം എത്തും. പ്രത്യേക തപാല്‍വോട്ട് ചെയ്യുന്നവര്‍ വ്യക്തമായി വോട്ട് രേഖപ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്‌കരന്‍ നിര്‍ദേശിച്ചു.

വോട്ടെടുപ്പ് ദിനത്തിന്റെ പത്തുദിവസംമുമ്പുമുതലാണ് അതത് ജില്ലയില്‍ ലിസ്റ്റ് തയ്യാറാക്കുന്നത്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പോളിങ് ദിനത്തിനുമുമ്പ് കോവിഡ് മുക്തരായാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. തപാല്‍വോട്ടിന് സ്വമേധയാ തയ്യാറാക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പ്രത്യേക തപാല്‍ ബാലറ്റിനായി രേഖാമൂലം അപേക്ഷിക്കാം. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം വരണാധികാരിക്ക് സമര്‍പ്പിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസറെ ഇതിനായി ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

പിപിഇ കിറ്റ് ധരിച്ചാണ് പോളിങ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. വോട്ടറും കിറ്റ് ധരിച്ചിരിക്കണം. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കില്‍ മുഖം കാണിക്കണമെന്ന് പോളിങ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം. വോട്ടര്‍മാരെ നേരത്തെ അറിയിച്ചിട്ടാകും ഉദ്യോഗസ്ഥര്‍ എത്തുക. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കിയശേഷം ഉദ്യോഗസ്ഥരുടെ മുമ്പിലെത്തണം. 

പോളിങ് ഓഫീസര്‍ വോട്ടരോട് വോട്ടു ചെയ്യുന്നതിന് സമ്മതം ആരായും. താല്‍പ്പര്യമില്ലെങ്കില്‍ ഓഫീസര്‍ രജിസ്റ്രറിലും 19 ബി എന്ന ഫോറത്തിലും രേഖപ്പെടുത്തി വോട്ടറുടെ ഒപ്പു വാങ്ങി മടങ്ങും. സമ്മതമറിയിച്ചാല്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് 19 ബി എന്ന അപേക്ഷ പോറത്തില്‍ ഒപ്പിടണം. തുടര്‍ന്ന് ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ കവറുകളും സാക്ഷ്യപത്രത്തിനുള്ള ഫോറവും കൈപ്പറ്റാം. വോട്ടു ചെയ്യുന്നതിന് മുമ്പായി ഫോറം 16 ലുള്ള സത്യപ്രസ്താവന പൂരിപ്പിക്കണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com