കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര ജലക്കമ്മീഷന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd December 2020 03:17 PM  |  

Last Updated: 02nd December 2020 03:35 PM  |   A+A-   |  

 

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍  കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത. കേന്ദ്രജലക്കമ്മീഷന്റെതാണ് മുന്നറിയിപ്പ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും.തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇപ്പോള്‍ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും, കന്യാകുമാരിക്ക് 700 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ മണിക്കൂറില്‍ 11 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. അടുത്ത 12 മണിക്കൂറിനകം കാറ്റിന്റെ ശക്തി വര്‍ധിക്കും. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങും. ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗതയാകും അപ്പോള്‍ കാറ്റിനുണ്ടാകുക.

ചുഴലിക്കാറ്റ് നാളെ കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരളതീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള കടല്‍ത്തീരത്ത് എല്ലാവിധ മല്‍സ്യബന്ധനവും നിരോധിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണം.

കക്കി ഡാം, കല്ലട ഡാം, നെയ്യാര്‍ റിസര്‍വ്വോയര്‍ എന്നിവിടങ്ങളില്‍ പരമാവധി ജാഗ്രത പാലിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് മണിമലയാറ്റിലും അച്ചന്‍കോവില്‍ ആറ്റിലും പമ്പയിലും ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. മലയോര പ്രദേശങ്ങളില്‍ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.