ബുറേവി ചുഴലിക്കാറ്റ് ലങ്കന്‍ തീരത്തേക്ക് ; കേരളം കനത്ത ജാഗ്രതയില്‍ ; ശക്തമായ മഴയ്ക്ക് സാധ്യത

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു
ബുറേവി ചുഴലിക്കാറ്റ് ലങ്കന്‍ തീരത്തേക്ക് ; കേരളം കനത്ത ജാഗ്രതയില്‍ ; ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി ഇന്ന് ശ്രീലങ്കന്‍ തീരത്തെത്തിയേക്കും. ഇന്ന് വൈകീട്ടോടെ ബുറേവി ലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം- തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറില്‍ എത്തുകയും  വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്രമായും സംസ്ഥാനത്തു പരക്കെയും മഴയ്ക്കു സാധ്യത. പരമാവധി 95 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. 

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നതു പൂർണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണം. രണ്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടായേക്കാം. 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡിസംബർ 3-ന് റെഡ് അലർട്ടായിരിക്കും. ഇതേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്. കക്കി ഡാം, കല്ലട ഡാം, നെയ്യാർ റിസർവ്വോയർ എന്നിവിടങ്ങളിൽ പരമാവധി ജാഗ്രത പാലിക്കാൻ കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. ശബരിമല തീർത്ഥാടന കാലം കണക്കിലെടുത്ത് മണിമലയാറ്റിലും അച്ചൻകോവിൽ ആറ്റിലും പമ്പയിലും ജാഗ്രതയ്ക്ക് നിർദേശം നൽകിയിട്ടുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com