'ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാനാകില്ല, അത്‌ ചെയ്‌തു'; ഉത്രവധത്തിൽ മാപ്പുസാക്ഷിയുടെ വെളിപ്പെടുത്തൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2020 08:09 AM  |  

Last Updated: 02nd December 2020 08:09 AM  |   A+A-   |  

uthra-murder-sooraj

 

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസ്‌ പ്രതി സൂരജിനെതിരേ നിർണായക വെളിപ്പെടുത്തലുമായി പാമ്പു പിടിത്തക്കാരൻ സുരേഷ്‌കുമാർ. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാൻ വയ്യെന്നും അതുകൊണ്ട്‌ ‘അത്‌ ചെയ്‌തെന്നും’ സൂരജ്‌ പറഞ്ഞതായി സുരേഷ്  വിചാരണവേളയിൽ കോടതിയിൽ മൊഴിനൽകി. കേസിൽ ആദ്യം പ്രതിയാവുകയും പിന്നീട് കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തയാളാണ് സുരേഷ്. ഇന്നലെ കൊല്ലം ആറാം അഡീഷണൽ സെഷൻസ്‌ ജഡ്‌ജി എം മനോജ്‌ മുമ്പാകെയാണ്‌ നിർണായക വെളിപ്പെടുത്തൽ‌. 

‌മിണ്ടാപ്രാണിയെ ഉപയോഗിച്ച്‌ എന്തിനീ മഹാപാപമെന്നു‌ ചോദിച്ചപ്പോൾ സംഭവം ആരോടും പറയരുതെന്നും ഇതൊരു സർപ്പദോഷമായി തീരുമെന്നും ഇല്ലെങ്കിൽ ചേട്ടനും കൊലക്കേസിൽ പ്രതിയാകുമെന്നും പറഞ്ഞു. വിവരം പൊലീസിൽ അറിയിക്കണമെന്ന്‌ മകൾ പറഞ്ഞെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയിൽ കഴിഞ്ഞില്ല. സഹതടവുകാർ പറഞ്ഞതിനാലാണ്‌ ഇപ്പോൾ സത്യം ബോധിപ്പിക്കുന്നത്‌‌‌. ഉത്രയുടെ മരണശേഷം സൂരജ്‌ തന്നെ വിളിച്ചതായി സുരേഷ്‌ മൊഴിനൽകി. 

ഉത്രയെ കൊല്ലുകയെന്ന സൂരജിൻറെ ലക്ഷ്യം അറിയാതെയാണ് താൻ പാമ്പിനെ വിറ്റതെന്ന മൊഴിയാണ് കോടതിയിൽ സുരേഷ് നൽകിയത്. ഉത്രയ്ക്ക് പാമ്പു കടിയേറ്റ് മരിച്ചെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് സൂരജിനെ സംശയിച്ചതെന്നും സുരേഷ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ്‌ പാമ്പിനെ‌ വിൽപന നടത്തിയതെന്നും സുരേഷ്‌ കോടതിയിൽ പറഞ്ഞു. 

ഉത്ര കൊല്ലപ്പെട്ട്‌ ആറ്‌ മാസം പിന്നിടവെയാണ്‌ ഇന്നലെ കേസിന്റെ വിചാരണ ആരംഭിച്ചത്‌.  പ്രതി സൂരജിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രനും രേണുകയും സഹോദരി സൂര്യയും വിചാരണ കേൾക്കാനായി കോടതിയിലെത്തി.