തിരുവനന്തപുരത്ത് അതീവ ജാഗ്രത; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, നഗരത്തില്‍ ദ്രുതകര്‍മ സേന, എന്താവശ്യത്തിനും ഈ നമ്പറില്‍ വിളിക്കാം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതായി കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. നാളെ രാത്രിമുതല്‍ ജില്ലയില്‍ ചുഴലിക്കാറ്റിന്റെ ശക്തമായ സ്വാധീനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് അപകട സാധ്യതയുള്ള മേഖലയില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ(എന്‍.ഡി.ആര്‍.എഫ്.) ഒരു യൂണിറ്റ് ജില്ലയിലെത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര-നാവിക-വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ നാളെ റെഡ് അലര്‍ട്ടും മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഏതു സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം പൂര്‍ണമായി തയാറെടുത്തിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലില്‍ പോകരുതെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകള്‍, ജലാശയങ്ങള്‍, നദികള്‍ തുടങ്ങിയിടങ്ങളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. 

മലയോര മേഖലയില്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് അടുത്ത കുറച്ചു ദിവസങ്ങളില്‍ പോകരുതെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. വൈകിട്ട് അഞ്ചിനു ശേഷമുള്ള യാത്ര പൂര്‍ണമായി ഒഴിവാക്കണം. ഇന്നു മുതലുള്ള 48 മണിക്കൂര്‍ സമയം ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജില്ലാ ഭരണകൂടത്തില്‍നിന്നുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും തയാറാകണം.

കാറ്റിനുള്ള സാധ്യത മുന്‍നിര്‍ത്തി വൈദ്യുതി വിതരണ ശൃംഘലയില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ കെ.എസ്.ഇ.ബിക്കു നിര്‍ദേശം നല്‍കി. കെ.എസ്.ഇ.ബിയുടെ എല്ലാ സര്‍ക്കിളുകളിലും ദ്രുതകര്‍മ സേന രൂപീകരിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബി.എസ്.എന്‍.എല്ലിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. 

180 ക്യാംപുകള്‍ സജ്ജം; ആളുകളെ മാറ്റിത്തുടങ്ങി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അപകട സാധ്യതാ മേഖലയില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ഇത്തരത്തില്‍ 180 ക്യാംപുകളാണ് റവന്യൂ വകുപ്പ് ജില്ലയില്‍ തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാംപുകളില്‍ സുരക്ഷിതമായി പാര്‍പ്പിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

തിരുവനന്തപുരം താലൂക്കില്‍ 48 ക്യാംപുകളിലായി 1,550 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. ചിറയിന്‍കീഴില്‍ 30 ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 1,800 പേരെ മാറ്റിപ്പാര്‍പ്പിക്കാനാകും. മറ്റു താലൂക്കുകളിലെ ക്യാംപുകളും പാര്‍പ്പിക്കാനാകുന്ന ആളുകളുടെ ശേഷിയും ഇങ്ങനെ; വര്‍ക്കല - 46(600), നെടുമങ്ങാട് - 19(3,800), കാട്ടാക്കട - 12(1,000), നെയ്യാറ്റിന്‍കര - 25(2,300)

ജില്ലയില്‍ പതിവായി കാലവര്‍ഷ കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നു കലക്ടര്‍ പറഞ്ഞു. സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം തേടണം. 

നഗരത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം

ജില്ലയില്‍ പതിവായി വെള്ളക്കെട്ടുണ്ടാകുന്ന തിരുവനന്തപുരം നഗരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 10 ദ്രുതകര്‍മ സേനാംഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കും. 150 സന്നദ്ധ സേനാംഗങ്ങളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തയാറാക്കി നിര്‍ത്തിയിട്ടുണ്ട്.


എന്ത് ആവശ്യത്തിനും വിളിക്കാം 1077

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ 1077 ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനില്‍നിന്ന് 24 മണിക്കൂറും സേവനം ലഭിക്കും. രക്ഷാ പ്രവര്‍ത്തനം നേടത്തേണ്ട സാഹചര്യത്തിലുള്ളവര്‍, മാറ്റിപ്പാര്‍പ്പിക്കേണ്ടവര്‍ തുടങ്ങിയവര്‍ ഈ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടണം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര സഹായങ്ങളും ഈ നമ്പറില്‍നിന്നു ലഭിക്കുമെന്നു കളക്ടര്‍ പറഞ്ഞു.

ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. ആവശ്യത്തിനു മെഡിക്കല്‍ ടീം, മരുന്ന്, ആംബുലന്‍സുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com