ബുറേവി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് ; കേരളത്തില്‍ അതീവ ജാഗ്രത ; തെക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്‌നാട്ടിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്
ബുറേവി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് ; കേരളത്തില്‍ അതീവ ജാഗ്രത ; തെക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുകയാണ്. കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്ക് 380 കിലോമീറ്റര്‍ അകലെയാണ്. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് നീങ്ങും. ഇന്നലെ വൈകീട്ടോടെയാണ് ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടത്.

പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് വൈകീട്ടോടെ തമിഴ്‌നാട്ടിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ തീരമേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളിലും  ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്

ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദമായി നാളെ തെക്കന്‍ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങും. കാറ്റ് കന്യാകുമാരിയില്‍ നിന്നു തിരുവനന്തപുരത്തിന്റെ തീരപ്രദേശം വഴി അറബിക്കടലിലേക്കു കടക്കുമെന്നായിരുന്നു നേരത്തേ വിലയിരുത്തല്‍. എന്നാല്‍ കാറ്റിന്റെ ഗതി കൂടുതല്‍ വടക്കോട്ടു മാറി തെക്കന്‍ കേരളം മുഴുവന്‍ കാറ്റിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും ഇടയുണ്ട്.

തിരുവനന്തപുരം മുതലുള്ള നാലു തെക്കന്‍ ജില്ലകളില്‍ ഇന്ന് 70 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ചുഴലിക്കാറ്റിന്റെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കേരളത്തിലെ ഏഴു ജില്ലകളില്‍ അതി തീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.  കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും. ഉയര്‍ന്ന തിരമാലകള്‍ക്കും താഴ്ന്നയിടങ്ങളില്‍ കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com