ഗോള്‍വാള്‍ക്കറുടെ പേര് വേണ്ട; രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിന് പ്രസിദ്ധ ശാസ്ത്രജ്ഞന്റെ പേരിടണം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th December 2020 08:21 PM  |  

Last Updated: 05th December 2020 08:21 PM  |   A+A-   |  

മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ആര്‍എസ്എസ് നേതാവായിരുന്ന എം എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ധന് കത്തെഴുതി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശ രിയാണെങ്കില്‍ നീക്കം ഉപേക്ഷിക്കണമെന്നും സ്ഥാപനത്തിന് ഒരു വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന സ്ഥാപനം കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്. 

പേര് മാറ്റാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍, ഈ തീരുമാനം പുനപ്പരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. ക്യാമ്പസിന് പ്രസിദ്ധനായ ഒരു ശാസ്ത്രജ്ഞന്റെ പേര് നല്‍കണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യം മന്ത്രാലയം പരിഗണിക്കുമെന്നാണ് കരുതുന്നത് എന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.