വലയിൽ കുടുങ്ങിയത് കൂറ്റൻ തിമിം​ഗല സ്രാവ്; കടലിലേക്ക് മടക്കിയയച്ച് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2020 04:19 PM  |  

Last Updated: 05th December 2020 04:19 PM  |   A+A-   |  

 

തിരുവനന്തപുരം: വലയിൽക്കുടുങ്ങിയ തിമിംഗില സ്രാവിനെ കടലിലേക്ക് മടക്കിയയച്ച് മത്സ്യത്തൊഴിലാളികൾ. ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് സ്രാവ് കുടുങ്ങിയത്. വംശനാശ ഭീഷണി നേരിടുന്നവയാണ് തിമിം​ഗല സ്രാവുകൾ.  ആനയെയും കടുവയെയും പോലെ സംരക്ഷിത വിഭാഗത്തിലുള്ളവയാണിവ. അറിയപ്പെടുന്ന ഏറ്റവും വലിയ തിമിംഗില സ്രാവിന്റെ വലിപ്പം 18.8 മീറ്ററാണ്. 

സാധാരണ വലയിൽക്കുടുങ്ങുന്ന തിമിംഗില സ്രാവുകളെ കൊന്നു തിന്നുകയാണു പതിവ്. എന്നാൽ, മത്സ്യത്തൊഴിലാളികൾ മണിക്കൂറുകളോളം ശ്രമിച്ച് ഇതിനെ തിരികെ വിട്ടു. 

സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ മത്സ്യത്തൊഴിലാളികളുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചു. ഇവരുടെ മഹാമനസ്കതയെയും പാരിസ്ഥിതിക അവബോധത്തെയും സമൂഹം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തിമിംഗില സ്രാവിനെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പതിനായിരം രൂപ സമ്മാനം നൽകുമെന്ന് ട്രസ്റ്റ് സിഇഒ വിവേക് മേനോൻ അറിയിച്ചു. കേരളത്തിൽ ഇത് മൂന്നാം തവണയാണ് തിമിംഗില സ്രാവിനെ രക്ഷിച്ച് കടലിൽ വിടുന്നതെന്ന് ട്രസ്റ്റിന്റെ പോളിസി ആൻഡ് മറൈൻ വിഭാഗം മേധാവി സാജൻ ജോൺ പറഞ്ഞു. മുമ്പ് കോഴിക്കോട്ടും പൊന്നാനിയിലുമാണ് തിമിംഗില സ്രാവുകളെ രക്ഷിച്ചത്.