'നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ എല്‍ഡിഎഫില്ല'; കേരളത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് പിണറായി

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th December 2020 07:19 PM  |  

Last Updated: 05th December 2020 07:19 PM  |   A+A-   |  

pinarayinvbnbmb

 


തിരുവനന്തപുരം: കേരളത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ വെബ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ വന്‍ തോതില്‍ പണവും അന്വേഷണ ഏജന്‍സികളേയും ഉപയോഗിക്കുന്നു. പണം കൊടുത്ത് ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കുന്ന അപഹാസ്യ നിലപാട് രാജ്യത്ത് പലേടത്തും ആവര്‍ത്തിക്കുന്നു.

എംഎല്‍എമാരെ വിലക്കെടുത്ത് കേരളത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ല. അങ്ങനെ ഒരു ജീര്‍ണ്ണ സംസ്‌കാരം കേരളത്തിലില്ല. അതുകൊണ്ടാണ രാഷ്ട്രീയ വേട്ടക്ക് അന്വേഷണ ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നത്. അതിന് തപ്പു കൊട്ടി കോണ്‍ഗ്രസും ലീഗും കൂടെ നില്‍ക്കുന്നു. വര്‍ഗ്ഗീയതയോട് ഒരു വിട്ടുവീഴ്ചയും ഇല്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ എല്‍ഡിഎഫില്ല. നെഞ്ചു വിരിച്ച് നിന്ന് ഇത് പറയാന്‍ എല്‍ഡിഎഫിന് കഴിയും. എന്നാല്‍ യുഡിഎഫിനോ? വടകര മോഡല്‍ മുന്നിലുണ്ട്. യുഡിഎഫും ബിജെപിയും പരസ്‌കരം സഹായിക്കുന്നു. വ്യാപകമായി പൊതു സ്വതന്ത്രര്‍ രംഗത്തുണ്ട്. ഇരു കൂട്ടരും ഇവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നു.

ജമാ അത്തെ ഇസ്ലാമിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനുള്ള തിരിച്ചടി ഈ തെരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് കിട്ടും. നാല് വോട്ടിന് വേണ്ടി ഇവരുമായി സന്ധി ചെയ്ത കോണ്‍ഗ്രസിനും ലീഗിനും എതിരെ വികാരം പതഞ്ഞൊഴുകുകയാണ്. എല്ലാ പാര്‍ട്ടിയുടേയും എല്ലാ നേതാക്കളും പ്രചാരണ രംഗത്ത് ഉണ്ട്. യുഡിഎഫ് നേതാക്കള്‍ ആരെങ്കിലും ബിജെപിയെ നേരിയ തോതില്‍ എങ്കിലും വിമര്‍ശിക്കുന്നത് ആരെങ്കിലും കേട്ടോ? എന്തേ ബിജെപിക്ക് എതിരെ നാക്കു ചലിക്കാത്തത്? അത്ര വലിയ ആത്മ ബന്ധം ഇവര്‍ക്കിടയിലുണ്ട്. സാധാരണ സാഹചര്യം അല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു.