മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടിയില​ധികം രൂപയുടെ തട്ടിപ്പ്; കോഴിക്കോട് യുവതി പിടിയിൽ

മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടിയില​ധികം രൂപയുടെ തട്ടിപ്പ്; കോഴിക്കോട് യുവതി പിടിയിൽ
മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടിയില​ധികം രൂപയുടെ തട്ടിപ്പ്; കോഴിക്കോട് യുവതി പിടിയിൽ

കോഴിക്കോട്: ദേശസാൽകൃത ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് വൻ തട്ടിപ്പ്. കോഴിക്കോടാണ് ഒന്നരക്കോടി രൂപയിലധികം തട്ടിയെടുത്തത്. കേസിൽ വയനാട് പുൽപ്പള്ളി സ്വദേശി ബിന്ദുവിനെ കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി മുതലാണ് തട്ടിപ്പ് നടത്തിയത്.

ബാങ്കിലെ ഓഡിറ്റിങിൽ തോന്നിയ സംശയത്തിൽ നിന്നാണ് വലിയ തട്ടിപ്പ് പുറത്തു വന്നത്. ഒൻപത് അക്കൗണ്ടുകളിലായി 44 ഇടപാട് നടത്തിയാണ് ഒരു കോടി 69 ലക്ഷം രൂപയ്ക്ക് മുക്കുപണ്ടം പണയം വച്ചത്. കോഴിക്കോട് ടൗണിൽ റെഡിമെയ്ഡ് ഷോപ്പ്, ബ്യൂട്ടിപാർലർ, ടെയിലറിങ് ഷോപ്പ് തുടങ്ങിയ ബിസിനസുകൾ നടത്തുന്നയാളാണ് പിടിയിലായ ബിന്ദു. ബിസിനസുകളുമായി ബന്ധപ്പെട്ട് ബാങ്കുമായി ഉണ്ടാക്കിയ നല്ല ബന്ധം മുതലെടുത്താണ് വൻ തട്ടിപ്പ് നടത്തിയത്. 

കഴിഞ്ഞ ഫെബ്രുവരി മുതൽ കഴിഞ്ഞ മാസം വരെ അഞ്ചര കിലോ വ്യാജ സ്വർണമാണ് പണയം വച്ചത്. സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അക്കൗണ്ടുകളും ബിന്ദു ഇതിനായി ഉപയോഗപ്പെടുത്തി. ബാങ്കിൻറെ ഓഡിറ്റിങിനിടെ കൂടുതൽ തുക ചില അക്കൗണ്ടുകളിലേക്ക് പോയത് ശ്രദ്ധയിൽ പെട്ടതോടെയാണ് സ്വർണ പരിശോധന നടത്തിയതും ബാങ്ക് അധികൃതർ പരാതി നൽകിയതും. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. 

സ്വർണം പരിശോധിക്കുന്നതിൽ ബാങ്കിലെ ജീവനക്കാർക്കുണ്ടായ വീഴ്ചയെ പൊലീസ് ഗൗരവമായി കാണുന്നുണ്ട്. തട്ടിപ്പിൽ ബാങ്ക് ജീവനക്കാരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിന്ദുവിൻറെ കോഴിക്കോട്ടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മുക്കുപണ്ടം കണ്ടെത്തി. ബിന്ദുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com