എല്ലാം ഈശ്വരന്റെ പര്യായ പദങ്ങളാണല്ലോ ?; സ്വപ്‌നയെ സഹായിച്ചത് ആരൊക്കെയെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് കെ സുരേന്ദ്രന്‍

ഭരണസംവിധാനമാകെ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്
എല്ലാം ഈശ്വരന്റെ പര്യായ പദങ്ങളാണല്ലോ ?; സ്വപ്‌നയെ സഹായിച്ചത് ആരൊക്കെയെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയും ഓഫീസുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്വപ്‌നയെയും സംഘത്തെയും സഹായിച്ചത് ആരൊക്കെയെന്ന് മുഖ്യമന്ത്രി തുറന്നു പറയണം. തെറ്റുപറ്റിയെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. മുഖ്യമന്ത്രിയും ഭരണഘടനാപദവിയില്‍ ഇരിക്കുന്ന മറ്റ് ആരോപണ വിധേയരും രാജി വെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

ഭരണസംവിധാനമാകെ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കോടതി തന്നെ പറഞ്ഞത് മുദ്ര കവറില്‍ സമര്‍പ്പിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് എന്നാണ്. കള്ളക്കടത്തു സംഘത്തിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ഭരണസംവിധാനം പൂര്‍ണമായിട്ടും ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യാന്തര തലത്തിലുള്ള കള്ളക്കടത്തു സംഘത്തെ സര്‍ക്കാര്‍ സഹായിക്കുകയായിരുന്നു. ധാര്‍മ്മികമായി മുഖ്യമന്ത്രിക്കും ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ക്കും ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. 

ഗ്രീന്‍ ചാനല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കള്ളക്കടത്തു സംഘത്തെ ഉന്നതന്മാര്‍ സഹായിച്ചു. അവര്‍ വിദേശത്തേക്ക് പോകുമ്പോഴും മടങ്ങി വരുമ്പോഴും ഈ ഹവാല ഇടപാടുകള്‍ക്കും റിവേഴ്‌സ് ഹവാല ഇടപാടുകള്‍ക്കും ഒത്താശ ചെയ്തു കൊടുത്തു. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഓഫീസ്, മന്ത്രിമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്. 

ഇപ്പോള്‍ പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിയില്‍ വരാനുണ്ട്. 164 മൊഴി പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രിക്കും ഏതാനും മന്ത്രിമാര്‍ക്കും ഭരണഘടന സംരക്ഷിക്കേണ്ട തലപ്പത്തിരിക്കുന്ന ചില ആളുകള്‍ക്കും രാജിവെക്കേണ്ടി വരും എന്നു മാത്രമല്ല, ജനങ്ങള്‍ക്ക് മുന്നില്‍ കുറ്റവാളികളായി മാറുകയും ചെയ്യും. ഭരണഘടനാപരമായി നമ്മുടെ നാടിനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ചില ആളുകള്‍ നേരിട്ട് കള്ളക്കടത്തു സംഘത്തെ സഹായിച്ചു എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. 

ഈ സംഭവങ്ങള്‍ പുറത്തുവരുമ്പോള്‍, വാര്‍ത്ത തിരിച്ചുവിടാനാണ് ഭരണനേതൃത്വം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും സിപിഎം കേന്ദ്രനേതൃത്വവും ഇക്കാര്യത്തില്‍ കുറ്റകരമായ മൗനം തുടരുകയാണ്. വര്‍ഗീയത ഇളക്കിവിടാനും സാമുദായിക വികാരം ഉണ്ടാക്കിയും തെരഞ്ഞെടുപ്പില്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. 

ഉന്നതന്‍ ആരെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്,  നിയമപരമായി ആ പേര് പുറത്തുവരുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന്‍ മറുപടി പറഞ്ഞു. എല്ലാം ഈശ്വരന്റെ പര്യായ പദങ്ങളാണല്ലോ ഭാരതത്തിലെ പേരുകളെല്ലാം. ഭഗവാന്റെ പര്യായ പദങ്ങളാണ് നമ്മുടെ നാട്ടിലെ എല്ലാ പേരുകളും. കെ സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭയില്‍ അംഗമല്ലാത്ത ഒരു പ്രധാനി അല്ല, നാലഞ്ചു പ്രധാനികള്‍  കള്ളക്കടത്തു സംഘത്തെ സഹായിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com