'കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടു വീഴും', സ്വര്‍ണക്കടത്തില്‍ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം : ചെന്നിത്തല

പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണ രംഗത്ത് ഇറങ്ങാത്തത്
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാകുമെന്ന് കണ്ട് ഇടതുമുന്നണിയും സിപിഎമ്മും വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണ്. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണ രംഗത്ത് ഇറങ്ങാത്തത്. വെര്‍ച്വല്‍ റാലിയിലൂടെ എല്‍ഡിഎഫ് കള്ള പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയാഘവന് ആര്‍എസ്എസിന്റെ ഭാഷയാണ്. ആര്‍എസ്എസിന്റെ സ്വരമാണ്. നാട്ടില്‍ വര്‍ഗീയത ഇളക്കിവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാരിന്റെ ഒരു നേട്ടവും പറയാനില്ല. അതുകൊണ്ടാണ് വര്‍ഗീയത ഇളക്കിവിടുന്നത്. 

ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി എവിടെ നില്‍ക്കുന്നു എന്നതിന് ഉദാഹരണമാണ് എറണാകുളത്തെ പാര്‍ട്ടി നേതാവ് സക്കീര്‍ ഹുസൈന്‍. സക്കീര്‍ ഹുസൈന്‍ ഒരു പ്രതീകമാണ്, പണത്തിനും അധികാരത്തിനും വേണ്ടി ഏത് നിലയില്‍ വേണമെങ്കിലും സിപിഎം പോകുമെന്നതിന് ഉദാഹരണമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട റിവേഴ്‌സ് ഹവാലയിലും ഇതാണ് കാണുന്നത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഉന്നതനു പോലും റിവേഴ്‌സ് ഹവാലയില്‍ പങ്കുണ്ട്. 

സ്വര്‍ണക്കടത്തിലെ ആ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്തു മൊഴിയാണ് മുദ്ര വെച്ച കവറില്‍ കോടതിക്ക് കൊടുത്തത്. കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടു വീഴുമെന്നും ചെന്നിത്തല പറഞ്ഞു. കൊറോണയില്‍ നിന്നും അകന്നുനില്‍ക്കണമെന്നു പറയുന്നതുപോലെ സര്‍ക്കാരില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പറയേണ്ട അവസ്ഥയാണ്. അത്രമാത്രം അപചയമാണ് എല്‍ഡിഎഫും സിപിഎം നേരിടുന്നത്. സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ ശിവശങ്കറിനെ എന്തുകൊണ്ട് സര്‍ക്കാര്‍ പിരിച്ചു വിടുന്നില്ല. സര്‍ക്കാരിനെ രക്ഷിക്കാനാണ് ശിവശങ്കര്‍ ഇപ്പോഴും ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 

വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ജനങ്ങളെ നേരിടുന്നത്. കേരളത്തില്‍ ഭരണമാറ്റത്തിന് സമയമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ വസ്തുത ഓര്‍ത്തുവേണം ജനങ്ങള്‍ വോട്ടു ചെയ്യാനെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രണ്ടാം ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ ഗോല്‍വാള്‍ക്കറിന്റെ പേര് ഇടുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ചെന്നിത്തല പറഞ്ഞു.

വള്ളം തുഴഞ്ഞതിനാലാണോ നെഹ്‌റു ട്രോഫി വള്ളംകളിക്ക് പേരിട്ടതെന്ന കേന്ദ്രമന്ത്രി മുരളീധരന്റെ പ്രസ്താവനയോട് അങ്ങേയറ്റം സഹതാപമാണുള്ളത്. അതിന്റെ ചരിത്രം അറിയില്ലെങ്കില്‍ അദ്ദേഹം അറിയുന്നവരോട് ചോദിക്കണം. രണ്ടാം ക്യാംപസിന് ഡോ. പല്‍പ്പുവിനെപ്പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പേര് ഇട്ടിരുന്നെങ്കില്‍ നന്നായേനെ. ശാസ്ത്ര പുരോഗതിക്ക് ഗോള്‍വാള്‍ക്കര്‍ എന്ത് സംഭാവനയാണ് നല്‍കിയത്. ഇത് രാജീവ് ഗാന്ധിയെ അപമാനിക്കാനുള്ള ശ്രമമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com