പോക്‌സോ കേസില്‍ പ്രതിയായി; ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2020 08:54 PM  |  

Last Updated: 07th December 2020 08:55 PM  |   A+A-   |  

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഇ.ഡി ജോസഫിനെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനം. പോക്‌സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ജോസഫിനെതിരേ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു. 

മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. സി.ഡബ്ല്യു.സി ജില്ലാചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കാന്‍ സര്‍ക്കാരിനോട് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

പോക്‌സോ കേസിലെ ഇരയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നപ്പോള്‍ ഇ ഡി ജോസഫ് മോശമായി സംസാരിച്ചു എന്നാണ് കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തത്. 

കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ പരിഗണിക്കുകയും പ്രശ്‌നപരിഹാരം നിര്‍ദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമസമിതി. ഒക്ടോബര്‍ 21ന്  പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിയ്ക്ക് മുമ്പാകെ കൗണ്‍സിംഗിന് ഹാജരായപ്പോള്‍ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്‌ട്രേറ്റിനോട് 17 വയസ്സുകാരിയായ പെണ്‍കുട്ടി രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു