'അങ്ങനെയെങ്കില്‍ വാജ്‌പേയിക്കു തുരങ്കംപണി അറിയാമോയെന്നു തിരിച്ചു ചോദിക്കേണ്ടിവരും'

'അങ്ങനെയെങ്കില്‍ വാജ്‌പേയിക്കു തുരങ്കംപണി അറിയാമോയെന്നു തിരിച്ചു ചോദിക്കേണ്ടിവരും'
'അങ്ങനെയെങ്കില്‍ വാജ്‌പേയിക്കു തുരങ്കംപണി അറിയാമോയെന്നു തിരിച്ചു ചോദിക്കേണ്ടിവരും'

കൊച്ചി: രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രണ്ടാം കാംപസിന് ആര്‍എസ്എസ് നേതാവ് എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേരിടുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. 

ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന് ആര്‍എസ്എസ് നേതാവിന്റെ പേരിടുന്നതിനെ ചോദ്യം ചെയ്തതിനു മറുപടിയായി വള്ളംകളിക്കാരനായിട്ടാണോ നെഹ്‌റു ട്രോഫി വള്ളംകളിക്കു പ്രഥമ പ്രധാനമന്ത്രിയുടെ പേരിട്ടതെന്ന് മുരളീധരന്‍ ചോദിച്ചിരുന്നു. നെഹ്‌റുവിന് വള്ളംകളി അറിയാമോയെന്നു ചോദിച്ചാല്‍ വാജ്‌പേയിക്കു തുരങ്കംപണി അറിയാമോയെന്നു തിരിച്ചു ചോദിക്കേണ്ടിവരുമെന്ന്, ഇതിനോടു പ്രതികരിച്ചുകൊണ്ട് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ലേ മണാലി ഹൈവേയിലെ റൊഹ്താങ് പാസിലെ തുരങ്കത്തിന് വാജ്‌പേയിയുടെ സ്മരണയ്ക്ക് അടല്‍ ടണല്‍ എന്നു നാമകരണം ചെയ്തിരുന്നു. 

ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് ഇന്നലെ കാസര്‍ക്കോട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഗോള്‍വാള്‍ക്കറുടെ പേര് ഇടാന്‍ പറ്റില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കേരളത്തിലെ ഒരു ഇടത് പക്ഷ നേതാവിന്റെ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങള്‍ക്കും ഇടാന്‍ സാധിക്കില്ലല്ലോയെന്നും മുരളീധരന്‍ പറഞ്ഞു.

ബനാറസ് ഹിന്ദുസര്‍വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നു ഗോള്‍വാള്‍ക്കര്‍. മറൈന്‍ ബയോളജിയില്‍ പിഎച്ച്ഡി ചെയ്യുന്നതിനിടെ പഠനം മതിയാക്കിയാണ് ആര്‍ എസ് എസിലേക്ക് എത്തിയത്.കെ കരുണാകരന്‍ കോണ്‍ഗ്രസ് നേതാവും സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയുമാണ് പെരിന്തല്‍മണ്ണയിലെ പൂക്കോയ തങ്ങള്‍ സ്മാരക കോളേജ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ കോളേജിന് മുസ്ലീംലീഗിന്റെ പ്രസിഡന്റിന്റെ പേരിടാന്‍ കോണ്‍ഗ്രസിന് പ്രയാസമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

നെഹ്‌റുവിന് വള്ളംകളി അറിയാമോയെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. ചരിത്രം അറിയാത്തതുകൊണ്ടാണ് മുരളീധരന്‍ ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com