കോവിഡിനെ തോല്‍പ്പിച്ച് വിധിയെഴുത്ത് ; അഞ്ചു ജില്ലകളിലും മികച്ച പോളിങ് ; ആദ്യ മണിക്കൂറുകളില്‍ നീണ്ട ക്യൂ ( വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th December 2020 12:01 PM  |  

Last Updated: 08th December 2020 12:01 PM  |   A+A-   |  

 

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വോട്ടെടുപ്പ് ആരംഭിച്ച് നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ 35 ശതമാനത്തോളം പേര്‍ വോട്ടു ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ഇതുവരെ 30.77 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. 

കൊല്ലത്ത് 33.96 ശതമാനവും പത്തനംതിട്ടയില്‍ 34.91 ശതമാനവും ആലപ്പുഴയില്‍ 33.87 ശതമാനവും ഇടുക്കിയില്‍ 31 ശതമാനവും പേര്‍ ആദ്യ നാലര മണിക്കൂറിനിടെ വോട്ടു ചെയ്തതായാണ് കണക്കുകള്‍. മിക്കയിടത്തും രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ കാണാമായിരുന്നു. 

വോട്ട് രേഖപ്പെടുത്തിയതില്‍ 27.3 ശതമാനം പേരും പുരുഷ വോട്ടര്‍മാരാണ്. 21.94 സ്ത്രീ വോട്ടര്‍മാരും. 3.28 ട്രാന്‍സ്‌ജെന്റേഴ്‌സും ഇതിനോടകം വോട്ട് രേഖപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് വോട്ടിങ് പുരോഗമിക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ചു ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 

രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും പിപിഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാം.