യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന് ചെന്നിത്തല ; ജനങ്ങള്‍ എന്‍ഡിഎക്കൊപ്പമെന്ന് കുമ്മനം

ബിജെപിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കേരളജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കപ്പെടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്
യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന് ചെന്നിത്തല ; ജനങ്ങള്‍ എന്‍ഡിഎക്കൊപ്പമെന്ന് കുമ്മനം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവന്‍. ആ പ്രതീക്ഷ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കേരളമൊട്ടാകെ ഈ അഴിമതി സര്‍ക്കാരിനെതിരായി വിധിയെഴുതുമെന്നും വോട്ടു രേഖപ്പെടുത്തിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. 

ബിജെപിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കേരളജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കപ്പെടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. കേരളത്തില്‍ അഴിമതിയുടെ ചുരുളുകള്‍ ഓരോന്നായി അഴിയുകയാണ്. ഉന്നതനാരാണെന്ന് എന്നുള്ള ചോദ്യം താന്‍ വീണ്ടുമുന്നയിക്കുന്നു. അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ജനങ്ങള്‍ ഇത്തവണ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ അവകാശപ്പെട്ടു. എന്‍ഡിഎ നടപ്പാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളും ജനം കാണുന്നുണ്ട്.  അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇത്തവണ അവര്‍ എന്‍ഡിഎയെ കൈവിടില്ല എന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലും എന്‍ഡിഎ ഭരണം പിടിക്കുമെന്ന് കുമ്മനം പറഞ്ഞു. ഒരു നല്ല ഭരണം ഈ നഗരസഭയ്ക്ക് ഉണ്ടാവണം. മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നഗവത്കരണ, നഗരാസൂത്രണ, നഗര വികസന പദ്ധതികള്‍ തിരുവനന്തപുരത്തും നടപ്പിലാക്കിക്കിട്ടണം എന്നാഗ്രഹിക്കുന്നവരാണ് ഇന്നാട്ടിലെ ജനങ്ങള്‍. എല്‍ഡിഎഫ് എത്രയോ വര്‍ഷക്കാലമായി ഇവിടെ ഭരിച്ചു. കോണ്‍ഗ്രസും ഭരിച്ചിട്ടുണ്ട്. അവരൊന്നും തിരുവനന്തപുരത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com