മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ടില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2020 10:03 AM  |  

Last Updated: 08th December 2020 10:03 AM  |   A+A-   |  

 

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തതിനെ തുടർന്നാണിത്. 

പൂജപ്പുര വാർഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുള്ളത്. വരണാധികാരിയായ കലക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കാതെ പോകുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തിരുന്നു. 

മുൻ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദൻ, എകെ ആന്റണി എന്നിവരും ഇത്തവണ വോട്ട് ചെയ്യില്ല. 

അനാരോഗ്യം കാരണം തിരുവനന്തപുരത്തു നിന്നു യാത്ര ചെയ്യുക പ്രയാസമായതിനെ തുടർന്നാണ് വിഎസിന് ഇത്തവണ വോട്ട് ചെയ്യാൻ സാധിക്കാതെ പോയത്. ദിവസങ്ങൾക്കു മുൻപേ വിഎസ് തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ, ചട്ടമനുസരിച്ച് തപാൽ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്നു വിഎസിന്റെ മകൻ വി എ അരുൺകുമാർ പറഞ്ഞു. തപാൽ വോട്ടിനുള്ള വിഎസിന്റെ അപേക്ഷ തള്ളിയതോടെയാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാനാവാതെ പോവുന്നത്. 

കോവിഡ് മുക്തനായി എകെ ആന്റണി ഡൽഹിയിലെ വീട്ടിൽ വിശ്രമത്തിലാണ്. കോവിഡ് നെഗറ്റീവായെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ട്. ഒരു മാസത്തെ കർശന വിശ്രമമാണ് ആന്റണിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനാലാണ് അദ്ദേഹവും വോട്ട് ചെയ്യാൻ എത്താത്തത്.