വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലി; കേരളത്തിലെ ആദ്യ മുത്തലാഖ് നിരോധന നിയമ കേസ്

മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പെരിന്തൽമണ്ണ: വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ കേസിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ പാങ്ങ് സ്വദേശിയായ മുപ്പതുകാരിയുടെ പരാതിയിൽ ഗൾഫുകാരനും വ്യവസായിയുമായ പാറന്തോട് ഹസൻകുട്ടിക്കെതിരെയാണ് കൊളത്തൂർ പൊലീസ്കേ കേസെടുത്തിരിക്കുന്നത്. 

മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്ന ശേഷമുള്ള സംസ്ഥാനത്തെ ആദ്യകേസാണ് ഇതെന്ന് പൊലീസ് പറയുന്നു. ഹസൻകുട്ടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യഭാര്യയിൽ ഇയാൾക്ക് രണ്ടു കുട്ടികളുണ്ട്. രണ്ടാമത്തെ വിവാഹത്തിന്റെ കാര്യം ആദ്യഭാര്യ അറിഞ്ഞതോടെയാണ് ഇവരെ മൊഴി ചൊല്ലിയത്.

ഹസൻകുട്ടിയുടെ സ്ഥാപനത്തിൽ അഞ്ചുമാസം മുമ്പ് ജോലിയിൽ പ്രവേശിച്ച പരാതിക്കാരിയുമായി ഹസൻകുട്ടി അതിവേഗം പരിചയം സ്ഥാപിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. തനിക്ക് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് ഹസൻകുട്ടി പരാതിക്കാരിയോട് പറയാറുണ്ടായിരുന്നു. പിന്നാലെ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുകയും ആലോചനയുമായി യുവതിയുടെ രക്ഷിതാക്കളെ സമീപിക്കുകയും ചെയ്തു. നവംബർ 11ന് യുവതിയുടെ വീട്ടിൽ വച്ച് വിവാഹം നടന്നു. 

ആദ്യഭാര്യ അറിയരുതെന്ന നിബന്ധനയോടെ രഹസ്യമായായിരുന്നു ചടങ്ങുകൾ. മഹല്ലുകളുടെ അനുമതി വിവാഹത്തിനായി തേടിയിരുന്നില്ല. വിവാഹധനമായി ഒരുലക്ഷം രൂപ യുവതിക്ക് നൽകി. വിവാഹശേഷം കോട്ടയ്ക്കലിലെ ഹോട്ടലിൽ അഞ്ചുദിവസം താമസിച്ചു. പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഹസൻകുട്ടി ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തി. വിവാഹത്തിനെടുത്ത രഹസ്യ ഫോട്ടോയും തലാഖ് ചൊല്ലുന്ന ശബ്ദരേഖയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com