ജീവന് ഭീഷണിയെന്ന് സ്വപ്‌ന സുരേഷ്, ചിലര്‍ ജയിലില്‍ വന്നു, പൊലീസുകാരെന്ന് സംശയം; കത്ത് പുറത്ത്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th December 2020 05:38 PM  |  

Last Updated: 08th December 2020 05:38 PM  |   A+A-   |  

ഫയല്‍ ചിത്രം

 

കൊച്ചി:  തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് കോടതിയില്‍. പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ചിലര്‍ ജയിലില്‍ വന്ന് കണ്ട് തന്നെ ഭീഷണിപ്പെടുത്തിയതായി കോടതിയില്‍ നല്‍കിയ പരാതിയില്‍ സ്വപ്‌ന സുരേഷ് പറയുന്നു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ വാദം കേള്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് സ്വപ്‌ന സുരേഷ് പരാതി നല്‍കിയത്. അട്ടകുളങ്ങര ജയിലില്‍ തനിക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും പരാതിയില്‍ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടു.

കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പ് താന്‍ അട്ടകുളങ്ങര ജയിലില്‍ ആയിരുന്നു. ഇവിടെ വച്ച് പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ചിലര്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് പരാതിയില്‍ പറയുന്നു. തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പറഞ്ഞ സ്വപ്്‌ന സുരേഷ് അട്ടകുളങ്ങര ജയിലില്‍ സംരക്ഷണം നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതരുടെ പേര് പറയരുത്. അന്വേഷണ ഏജന്‍സികളോട് സഹകരിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന സുരേഷിന്റെ പരാതിയില്‍ പറയുന്നു.

കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ വീണ്ടും ജയിലിലേക്ക് തന്നെയാണ് പോകേണ്ടത്. അതിനാല്‍ അട്ടകുളങ്ങര ജയിലില്‍ തനിക്ക് സംരക്ഷണം നല്‍കണമെന്നാണ് സ്വപ്‌നയുടെ പരാതിയില്‍ പറയുന്നത്.