'പെണ്‍കുട്ടികളെ പൊതിഞ്ഞു പിടിക്കുന്നു'; 'ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് കൈക്കൊള്ളാറുള്ളത്?'

ആണിനെ പീഡിപ്പിക്കുന്ന ആണും പെണ്ണുമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി അറസ്റ്റിലായ വാര്‍ത്തയെ സമൂഹമാധ്യമങ്ങളില്‍ മലയാളി തമാശരൂപത്തില്‍ ആസ്വദിച്ചതിനെതിരെ കുറിപ്പുമായി ഡോ. ഷിംന അസീസ്. ആണ്‍കുട്ടിക്ക് എന്തോ സന്തോഷമുള്ള കാര്യം കിട്ടിയ ഭാവമാണ് കമന്റ് മുതലാളികള്‍ക്കെന്ന് ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു. 

പതിനഞ്ചുകാരന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവാഹിതയായ യുവതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി കൗമാരക്കാരന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നപ്പോഴായിരുന്നു പീഡനം.മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതി

ഡോക്ടറുടെ കുറിപ്പ്


പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയായ പേയിംഗ് ഗസ്റ്റ് അറസ്റ്റില്‍ എന്ന് വാര്‍ത്ത. ആ കുഞ്ഞിന്റെ അമ്മയുടെ പരാതിപ്രകാരം പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ വാര്‍ത്തക്ക് താഴെ മുഴുവന്‍ അതിനെ തമാശയാക്കിയുള്ള കമന്റുകളാണ് കണ്ടത്. ആണ്‍കുട്ടിക്ക് എന്തോ സന്തോഷമുള്ള കാര്യം കിട്ടിയ ഭാവമാണ് കമന്റ് മുതലാളികള്‍ക്ക്  
ഈ സംഭവങ്ങളെല്ലാം ആ കുട്ടിക്ക് എത്രത്തോളം മാനസികാഘാതം നല്‍കിയിരിക്കാം എന്നാരും ഓര്‍ക്കാത്തതെന്താണ്? അവനൊരു ആണ്‍കുട്ടിയായത് കൊണ്ടോ? ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് രക്ഷിതാക്കളെന്ന നിലയില്‍ നമ്മള്‍ കൈക്കൊള്ളാറുള്ളത്? പെണ്‍കുട്ടിയെ പൊതിഞ്ഞ് പിടിക്കുന്ന നമ്മള്‍ ആണിനെ എത്ര കരുതുന്നു?
വേദനയും അറപ്പുമുള്ള ശരീരവും മുറിവേറ്റ ആത്മവിശ്വാസവുമായി ആരോടും മിണ്ടാനാകാതെ ഉഴറുന്ന ആണ്‍മക്കള്‍ അത്രയൊന്നും അപൂര്‍വ്വതയല്ല. ആണിനെ പീഡിപ്പിക്കുന്ന ആണും പെണ്ണുമുണ്ട്. 'പീഡിപ്പിക്കപ്പെട്ടു' എന്ന് സമ്മതിക്കുന്ന ആണ്‍കുഞ്ഞിനോടും സമൂഹം ആവര്‍ത്തിച്ച് ക്രൂരത കാണിക്കുന്നുണ്ടാകാം. അപഹാസങ്ങളോ അതിക്രമങ്ങളോ അവനിലും ആവര്‍ത്തിക്കുന്നുണ്ടാകാം.
ആണോ പെണ്ണോ ആവട്ടെ, സ്വകാര്യാവയവങ്ങള്‍ അന്യര്‍ കാണരുതെന്നും സ്പര്‍ശിക്കരുതെന്നും തിരിച്ചവരുടെ ഭാഗങ്ങളും സ്പര്‍ശിക്കരുതെന്നും പറഞ്ഞ് കൊടുക്കുക. ലൈംഗികദൃശ്യങ്ങള്‍ കാണിച്ച് തരുന്നത് അനുവദിക്കരുതെന്ന് പറയുക. ഇങ്ങനെയുണ്ടാകുന്ന ഏതൊരു ചലനവും രക്ഷിതാവിനെ അറിയിക്കണമെന്ന് അവര്‍ മിണ്ടിത്തുടങ്ങുന്ന കാലം തൊട്ട് അവരുടെ രീതിയില്‍ പറഞ്ഞ് കൊടുക്കുക.  മക്കള്‍ ഇത്തരം കാര്യങ്ങള്‍ വന്ന് പറയുമ്പോള്‍ 'ലൈംഗികാരോപണം'നടത്താന്‍ അവരായിട്ടില്ലെന്ന് മനസ്സിലാക്കുക. അവരെ വിശ്വസിക്കുക.
പിന്നെ, പെണ്ണിനും ആണിനും ട്രാന്‍സിനും ലൈംഗികാതിക്രമം 'ആസ്വദിക്കാന്‍' ആവില്ലെന്നറിയുക. ബാലപീഡനം, ബലാത്സംഗം തുടങ്ങി ഏതായാലും അതിക്രമം മാത്രമാണ്. ക്രിമിനല്‍ കുറ്റമാണ്. അവനവന് വരും വരെ മാത്രം 'വെറും വാര്‍ത്ത'യും വന്ന് പെട്ടാല്‍ ആയുസ്സ് മൊത്തം അനുഭവിക്കേണ്ട നീറ്റലുമാണ്.
ആണായാലുമവന്‍ കുഞ്ഞാണ്.
നമ്മളെന്താണിങ്ങനെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com