സ്വര്‍ണക്കടത്തു പ്രതികളുമായി വിദേശയാത്ര നടത്തിയിട്ടില്ല, വിദേശത്തുവെച്ച് കണ്ടിട്ടില്ല ; ആരോപണങ്ങള്‍ നിഷേധിച്ച് സ്പീക്കര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th December 2020 02:25 PM  |  

Last Updated: 09th December 2020 02:26 PM  |   A+A-   |  

 

തിരുവനന്തപുരം : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഭരണഘടനാ സ്ഥാപനത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. തന്റെ വിദേശയാത്രകള്‍ നിയമപരമായ നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു എന്നും സ്പീക്കറുടെ ഓഫീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ചട്ടപ്രകാരമായ വിദേശയാത്രകള്‍ മാത്രമാണ് നടത്തിയത്. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ഒരുമിച്ച് വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു വെച്ച് പ്രതികളെ കാണുന്ന സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തില്‍ സ്പീക്കറെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. 

വിദേശത്തുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പലതവണ പോയിട്ടുണ്ട്. അതില്‍ ഒന്നും ഒളിച്ചുവെക്കേണ്ട സംഗതികളില്ല. എന്നാല്‍ വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. തെറ്റായ വാര്‍ത്ത എവിടെ നിന്നോ പുറത്തുവരുന്നു. പിന്നീട് എല്ലാവരും അത് ഏറ്റുപിടിക്കുന്ന സ്ഥിതിയാണ് കാണുന്നത്. ഔദ്യോഗിക യാത്രകളെല്ലാം നിയമപരമായ മുഴുവന്‍ നടപടിക്രമങ്ങളും സ്വീകരിച്ചുകൊണ്ടുതന്നെയാണ് നടത്തിയിട്ടുള്ളത് എന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.