ഇഡിയെ ഭയക്കേണ്ട കാര്യം കമ്യൂണിസ്റ്റുകാര്‍ക്കില്ല : എ വിജയരാഘവന്‍

ഡോക്ടര്‍മാരാണ് ഒരാളുടെ ആരോഗ്യനിലവാരത്തിന്റെ അളവെന്താണെന്ന് നിശ്ചയിക്കുക
ഇഡിയെ ഭയക്കേണ്ട കാര്യം കമ്യൂണിസ്റ്റുകാര്‍ക്കില്ല : എ വിജയരാഘവന്‍

തിരുവനന്തപുരം : ഇ ഡിയെ ഭയന്നല്ല, അസുഖം മൂലമാണ് സി എം രവീന്ദ്രന്‍ ആശുപത്രിയില്‍ പോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോവിഡ് രോഗം വന്നാല്‍ രവീന്ദ്രന്‍ നേരെ അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ പോയി പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ പൊതു സമൂഹം, ആ വ്യക്തി നിയമലംഘനം നടത്തി എന്നല്ലേ പറയുകയുള്ളൂ. ഒരാള്‍ക്ക് ശാരീരിക പ്രയാസങ്ങളുണ്ടെങ്കില്‍ അയാള്‍ ആശുപത്രിയില്‍ പോകും.

ഡോക്ടര്‍മാരാണ് ഒരാളുടെ ആരോഗ്യനിലവാരത്തിന്റെ അളവെന്താണെന്ന് നിശ്ചയിക്കുക. നേരത്തെ രോഗഗ്രസ്തനായി അദ്ദേഹം ആശുപത്രിയില്‍ കിടന്നിരുന്നു. അല്ലാതെ ഇഡിയെ ഭയക്കേണ്ട കാര്യം കമ്യൂണിസ്റ്റുകാര്‍ക്കില്ല. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമോ എന്നത് നിയമപരമായ കാര്യങ്ങളാണ്. പാര്‍ട്ടി തീരുമാനിക്കേണ്ടതല്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. 

രാജ്യത്തെ നിയമവ്യവസ്ഥകളോട് സഹകരിച്ചുകൊണ്ടാണ് സിപിഎം പ്രവര്‍ത്തിച്ചു വന്നിട്ടുള്ളത്. മറിച്ച് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചാല്‍ വിമര്‍ശിക്കും. നിയമം ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നതിനെ സിപിഎം എതിര്‍ത്തിട്ടില്ല. ഇപ്പോള്‍ നേര്‍വഴിക്ക് ഏജന്‍സികള്‍ സഞ്ചരിക്കുന്നില്ല എന്നാണ് കാണുന്നത്. ഇത് വിമര്‍ശിക്കപ്പെടേണ്ടതാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com