സ്വപ്‌നയ്ക്ക് ജയിലില്‍ ഭീഷണി : അന്വേഷണത്തിന് ജയില്‍ ഡിജിപി ഉത്തരവിട്ടു

അന്വേഷണം നടത്തി ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി അറിയിച്ചു
സ്വപ്‌നയ്ക്ക് ജയിലില്‍ ഭീഷണി : അന്വേഷണത്തിന് ജയില്‍ ഡിജിപി ഉത്തരവിട്ടു

തിരുവനന്തപുരം : ജയിലില്‍ ഭീഷണിയുണ്ടെന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പരാതിയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. ദക്ഷിണമേഖല ജയില്‍ ഡിഐജിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി അറിയിച്ചു. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നും, പേര് പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ജയിലിലെത്തിയ ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് സ്വപ്‌ന മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ അറിയിച്ചത്. 

ജയിലിലെത്തിയത് പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സംശയിക്കുന്നതായും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. തന്റെയും കുടുംബത്തിന്റെയും ജീവനും സുരക്ഷയ്ക്കും ഭീഷണി ഉണ്ടെന്നും സ്വപ്‌ന പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്വപ്‌നയ്ക്ക്  ജയിലില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ മജിസ്‌ട്രേറ്റ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം ജയിലിലെത്തി ആരും സ്വപ്നയെ ഭീഷണിപ്പെടുത്താന്‍ ഇടയില്ലെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്. ജയിലില്‍ 24 മണിക്കൂറും സിസിടിവി ക്യാമറ നിരീക്ഷണമുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം. സ്വപ്നയ്ക്കു നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നു കോടതിയെ അറിയിക്കാനും ജയില്‍ വകുപ്പ് തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com