കൊച്ചി മെട്രോയുടെ വരുമാനം കൂടി, നഷ്ടവും; കഴിഞ്ഞ വര്‍ഷം 310 കോടി രൂപ നഷ്ടം

കൊച്ചി മെട്രോയുടെ വരുമാനം കൂടി, നഷ്ടവും; കഴിഞ്ഞ വര്‍ഷം 310 കോടി രൂപ നഷ്ടം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയുടെ നഷ്ടത്തില്‍ വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 310 കോടി രൂപയാണ് കൊച്ചി മെട്രോയുടെ നഷ്ടം. മുന്‍ വര്‍ഷം ഇത് 285 കോടി ആയിരുന്നു. 25 കോടിയുടെ വര്‍ധനയാണ് നഷ്ടത്തില്‍ ഉണ്ടായത്. 

മെട്രോയുടെ വരുമാനത്തിലും വര്‍ധനയാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ചെലവു കൂടിയതാണ് നഷ്ടം ഉയരാനുള്ള കാരണങ്ങളില്‍ ഒന്ന്. കഴിഞ്ഞ വര്‍ഷത്തെ 110.34 കോടിയില്‍നിന്ന് 115.77 കോടിയിലേക്കണ് പ്രവര്‍ത്തന ചെലവ് ഉയര്‍ന്നത്.

വരുമാനത്തില്‍ 30 കോടിയുടെ വര്‍ധനയാണ് ഈ വര്‍ഷമുണ്ടായത്. 2018-19ല്‍ 104.48 കോടിയായിരുന്നു വരുമാനം. 2019-20ല്‍ അത് 134.95 കോടിയായി ഉയര്‍ന്നു. 

ടിക്കറ്റ് വരുമാനത്തിലും ടിക്കറ്റ് ഇതര വരുമാനത്തിലും ഈ വര്‍ഷം വര്‍ധനയുണ്ടായിട്ടുണ്ട്. 1,81,07,722 പേരാണ് 2019-20 വര്‍ഷം മെട്രോയില്‍ യാത്ര ചെയ്തത്. 56.93 കോടിയാണ് ടിക്കറ്റ് വരുമാനം. 2020 പുതുവര്‍ഷ ദിനമാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്ത ദിവസം. 1,23,975 പേര്‍ അന്ന് മെട്രോയില്‍ കയറി. 42.59ആണ് അന്നത്തെ ടിക്കറ്റ് വരുമാനം. ഇതുവരെ ഒറ്റ ദിവസം നേടിയ വലിയ വരുമാനമാണ് ഇത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 24 മുതല്‍ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. പ്രതിദിനം 65,000 പേരാണ് ശരാശരി ആ സമയത്ത് മെട്രോയില്‍ യാത്ര ചെയ്തിരുന്നത്. അഞ്ചു മാസത്തിനു ശേഷം സെപ്റ്റംബറില്‍ സര്‍വീസ് തുടങ്ങിയപ്പോള്‍ അതു കുത്തനെ കുറഞ്ഞു. കഴിഞ്ഞ മാസം പ്രതിദിനം ഏകദേശം 15,000 പേരാണ് മെട്രോയില്‍ യാത്രക്കാരായത്. 

ലോക്ക്ഡൗണ്‍ കാലത്ത് നോണ്‍ ടിക്കറ്റ് വരുമാനമായി 2.41 കോടി രൂപ മെട്രോയ്ക്കു ലഭിച്ചു. ഈ സമയത്ത് ശരാശരി പ്രതിമാസ ചെലവ് 6.96 കോടി ആയിരുന്നു. 

കൊച്ചി മെട്രോയ്ക്ക് നിലവില്‍ ഫ്രഞ്ച് വികസന ഏജന്‍സിയില്‍നിന്ന് 1260 കോടിയും കാനറാ ബാങ്കില്‍നിന്ന് 1170 കോടിയും വായ്പയുണ്ടെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com