കടുത്ത തലവേദനയും കഴുത്ത് വേദനയും; രണ്ടാഴ്ച കൂടി സമയം വേണം; ഇഡിക്ക് സിഎം രവീന്ദ്രന്റെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2020 12:44 PM  |  

Last Updated: 10th December 2020 12:44 PM  |   A+A-   |  

 

തിരുവനന്തപുരം: ചോദ്യം ചെയ്യലിനു ഹാജരാകാൻ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇതു സംബന്ധിച്ച് അഭിഭാഷകൻ മുഖേന രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കത്തയച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നതിനാൽ കൊച്ചി വരെ യാത്ര ചെയ്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നുമാണ് രവീന്ദ്രന്റെ ആവശ്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ശുപാർശ കത്തും ഒപ്പം നൽകിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനു വ്യാഴാഴ്ച ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നൽകിയതിനു പിന്നാലെ രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റു ചെയ്യുമോയെന്ന ആശങ്ക അദ്ദേഹവുമായി അടുപ്പമുള്ളവർക്കുണ്ട്. 

ദേഹാസ്വാസ്ഥ്യവും തലവേദനയും കാരണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട രവീന്ദ്രൻ നിരീക്ഷണത്തിലാണ്. മൂന്ന് തവണ നോടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്ന് രവീന്ദ്രൻ ഒഴിവാകുകയായിരുന്നു. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിൽ ഇഡിക്കും അതൃപ്തിയുണ്ട്.

രവിന്ദ്രന്റെ കത്തിനോട് ഇഡി എന്ത് തീരുമാനമാകും എടുക്കുക എന്ന് വ്യക്തമല്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡിന്റെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നാണ് വിവരം. ചോദ്യങ്ങളോട് സഹകരിക്കാത്ത സമീപനം രവീന്ദ്രൻ സ്വീകരിക്കുന്നു എന്നാണ് ഇഡിയുടെ നിഗമനം.