സിഎം രവീന്ദ്രന്റെ ഡിസ്ചാർജ്; തീരുമാനം ഇന്ന്; മെഡിക്കൽ ബോർഡ് ചേരും

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 11th December 2020 08:24 AM  |  

Last Updated: 11th December 2020 08:24 AM  |   A+A-   |  

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യണമോയെന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രവീന്ദ്രൻ. ഡിസ്ചാർജ് സംബന്ധിച്ച തീരുമാനമെടുക്കാൻ ഇന്നു മെഡിക്കൽ ബോർഡ് വീണ്ടും ചേരും. 

കഴിഞ്ഞ ദിവസം നടത്തിയ എംആർഐ സ്കാനിൽ കഴുത്തിൽ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോ പ്രശ്നങ്ങൾ, ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചാണ് സിഎം രവീന്ദ്രൻ ചൊവ്വാഴ്ച മെഡിക്കൽ കോളജിലെത്തിയത്. 

ആശുപത്രിയിലായതിനാൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാൻ സാധിക്കില്ലെന്നു രവീന്ദ്രൻ ഇഡിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാൻ സാവകാശം തേടി അഭിഭാഷകൻ മുഖേന രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കത്തും അയച്ചു. 

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നതിനാൽ കൊച്ചി വരെ യാത്ര ചെയ്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നുമാണ് രവീന്ദ്രന്റെ ആവശ്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ശുപാർശ കത്തും ഒപ്പം നൽകിയിരുന്നു.