ഒരു ഏജന്‍സിക്കും തോന്നിയതുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല; പ്രധാനമന്ത്രിക്ക് കത്തു നല്‍കുമെന്ന് മുഖ്യമന്ത്രി

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ സഹായം നല്‍കുകയല്ല ഏജന്‍സികള്‍ ചെയ്യേണ്ടത്
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ സഹായം നല്‍കുകയല്ല ഏജന്‍സികള്‍ ചെയ്യേണ്ടത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് പരിശോധിക്കുകയാണ് വേണ്ടത്.

പ്രധാനമന്ത്രി ഭരണഘടനാ സ്ഥാപനമാണ്. ഇത്തരം വഴിവിട്ട കാര്യങ്ങളെ സംരക്ഷിക്കാനല്ല, വഴിവിട്ട നീക്കങ്ങളെ നിയന്ത്രിക്കലാണ് അദ്ദേഹത്തിന്റെ ബാധ്യത. കേരളത്തിന്റെ അനുഭവം മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പ്രധാനമന്ത്രിയില്‍ അര്‍പിതമായ ഉത്തരവാദിത്തം വച്ച് അദ്ദേഹം ഇടപെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഏജന്‍സിക്കും തോന്നിയപോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. വ്യവസ്ഥാപിത മാര്‍ഗത്തിലൂടെയേ പ്രവര്‍ത്തിക്കാനാകൂ. നിയമാനുസൃത ഉത്തരവാദിത്തങ്ങളാണ് ഏജന്‍സികള്‍ നിറവേറ്റേണ്ടത്. എന്നാല്‍, അതിനു വിരുദ്ധമായി സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ മേയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കു കഴിയില്ല. അത് ഇവിടുത്തെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. നേരിയ വീഴ്ചപോലും അതത് ഘട്ടത്തില്‍ കണ്ടെത്താന്‍ കേരളത്തില്‍ സംവിധാനമുണ്ട്. അതു തകര്‍ക്കാനാണ് ഏജന്‍സികള്‍ നോക്കുന്നത്. സര്‍ക്കാരും സിഎജിയും ഓഡിറ്റ് നടത്തുന്ന ഫയലുകള്‍ പരിശോധിക്കുന്നത് അന്വേഷണമെന്നതിന്റെ പ്രാഥമിക പാഠം മനസിലാക്കാതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതികളെ രക്ഷിച്ചാലും സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളെ എങ്ങനെ ആരോപണങ്ങളുടെ മറയില്‍ നിര്‍ത്താം എന്നാണ് ഏജന്‍സികള്‍ നോക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ രഹസ്യമൊഴി ചില നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പറയുന്നു. രാഷ്ട്രീയ എതിരാളികളെ അന്വേഷണങ്ങളിലൂടെ പീഡിപ്പിക്കുക എന്നതാണ് കേന്ദ്ര ഏജന്‍സികളുടെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com