സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം കോവിഡ് ചികിത്സയുടെ ഭാഗം ; ഹസ്സന്റെ വാദം ബാലിശമെന്ന് സിപിഎം

കോവിഡ് ചികിത്സയുമായി ബന്ധപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്
പിണറായി വിജയന്‍, എ വിജയരാഘവന്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍, എ വിജയരാഘവന്‍ / ഫയല്‍ ചിത്രം


തിരുവനന്തപുരം: സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പവര്‍ത്തനങ്ങളുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോവിഡ് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളോ പ്രസ്താവനയോ നടത്തുന്നത് സ്വാഭാവികമാണ്. അതില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎ ഹസ്സന്റെ വാദം ബാലിശമാണെന്നും വിജയരാഘവന്‍ പറഞ്ഞു. 

കോവിഡ് ചികിത്സയുമായി ബന്ധപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കോവിഡ് വാക്‌സിനും കോവിഡ് ചികിത്സയുടെ ഭാഗമാണ്. നടന്നുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഏത് പ്രസ്താവനയും ഉത്തരവാദിത്ത ബോധത്തോടെ നടത്തുന്ന ഒരാളാണ് മുഖ്യമന്ത്രി. അദ്ദേഹം പറഞ്ഞതെല്ലാം കൃത്യതയുള്ള നിലപാടുകളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് വാക്‌സിന്‍ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനം തന്നെയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂരില്‍ വെച്ച് ഇത്തരം പ്രഖ്യാപനം നടത്തിയത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും ഹസ്സന്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com