ഗണേഷ് കുമാറിന്റെ വീട്ടിൽ നിന്ന് ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു, കോടതിക്ക് കൈമാറി; പുറത്തുവിടാതെ പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2020 09:17 AM  |  

Last Updated: 13th December 2020 09:17 AM  |   A+A-   |  

ganesh_kumar police raid

​ഗണേഷ് കുമാർ/ ഫയൽ ചിത്രം

 

കൊല്ലം; നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്ക് കണ്ടെത്തിയതായി റിപ്പോർട്ട്. എംഎൽഎയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഹാർഡ് ഡിസ്ക് പരിശോധനയ്ക്കായി ഹോസ്ദുർഗ് കോടതിക്കു കൈമാറിയെന്നാണ് വിവരം. അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരം പുനലൂർ കോടതിയാണ് ഹാർഡ് ഡിസ്ക് കൈമാറിയത്.

ഗണേഷ്കുമാറിന്റെ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്തിയില്ല എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പിനു ശേഷം മതി തുടരന്വേഷണം എന്ന ഉന്നത ഉദ്യോഗസ്ഥ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഹാർഡ് ഡിസ്കിന്റെ വിവരം പൊലീസ് മറച്ചു വയ്ക്കുകയായിരുന്നെന്നാണു ലഭിക്കുന്ന വിവരം. ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത കാര്യം ബേക്കൽ പൊലീസ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 

കേസിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഓഫിസ് സെക്രട്ടറി കോട്ടാത്തല ബി.പ്രദീപ്കുമാറിന്റെ കൊട്ടാരക്കരയിലെ വീട്ടിലുമായാണ് പരിശോധന നടന്നത്. രണ്ടിടത്തു നിന്നും ഒന്നും കിട്ടിയില്ലെന്നായിരുന്നു പൊലീസ് അന്നു പറഞ്ഞിരുന്നത്.