അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അക്കൗണ്ടില്‍ രണ്ടു കോടി; 31 ലക്ഷം വിദേശത്ത് നിന്ന്, ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് 

ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി 21 ലക്ഷം രൂപ കണ്ടെത്തിയതായി എന്‍ഫോഴ്‌സമെന്റ്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്/ ഫയല്‍ ചിത്രം
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്/ ഫയല്‍ ചിത്രം

തിരുവനന്തപുരം: ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി 21 ലക്ഷം രൂപ കണ്ടെത്തിയതായി എന്‍ഫോഴ്‌സമെന്റ്. റൗഫ് ഷെരീഫിന്റെ മൂന്ന് അക്കൗണ്ടുകളാണ് എന്‍ഫോഴ്‌സമെന്റ് പരിശോധിച്ചത്. ഇതില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത റൗഫ് ഷെരീഫിനെ 14 ദിവസത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു.

കൊല്ലം അഞ്ചല്‍ സ്വദേശി റൗഫ് ഷെരീഫിനെ കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മസ്‌കറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് തൊട്ടുമുമ്പായിരുന്നു ഡല്‍ഹിയില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. തുടര്‍ന്ന് ഇയാളുടെ അഞ്ചലിലെ വീട്ടിലും മറ്റുമായി നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. 

റൗഫ് ഷെരീഫ് മൂന്ന് അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തന്നെയാണ് ക്യാമ്പസ് ഫ്രണ്ടിന്റെ അക്കൗണ്ടുകളായി ഉപയോഗിച്ചിരുന്നത്. ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു കോടി 35 ലക്ഷം രൂപയാണ് കണ്ടെത്തിയത്. പണം വന്നത് 2018 മുതല്‍ 2020 വരെയുള്ള കാലയളവിലാണ്. ജൂണ്‍ മാസത്തില്‍ 29 ലക്ഷം രൂപ വിദേശത്ത് നിന്ന് ഈ അക്കൗണ്ടിലേക്ക് വന്നതായും കണ്ടെത്തി. ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ 67 ലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടിലേക്ക് ഒക്ടോബര്‍ മാസത്തില്‍ ദോഹയില്‍ നിന്ന് 19 ലക്ഷം രൂപ വന്നിട്ടുണ്ട്. മൂന്നാമത്തെ അക്കൗണ്ട് ആക്‌സിസ് ബാങ്കിലാണ്. 2020ല്‍ 20 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് വന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെരീഫ് പണം ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖര്‍ റഹ്മാന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഈ അതീഖര്‍ റഹ്മാന്റെ കൂടെയാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ്‌ കാപ്പന്‍ ഉത്തര്‍പ്രദേശിലേക്ക് പോയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് അനുസരിച്ചായിരുന്നു ഇവരുടെ യാത്രയെന്നും റിമാന്‍ഡ് റി്‌പ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ പണമിടപാടുകള്‍ സംബന്ധിച്ചാണ് ഇഡി അന്വേഷിക്കുന്നത്.

ഡല്‍ഹി കലാപ കാലത്ത് ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ അക്കൗണ്ടിലേക്ക് വന്‍ തോതില്‍ പണം എത്തി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് റൗഫിനെ അറസ്റ്റ് ചെയ്തത് അടക്കമുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ മറ്റു നടപടികള്‍.

ശനിയാഴ്ച രാവിലെ ഏഴരയ്ക്കുള്ള സലാം എയര്‍വേസില്‍ മസ്‌കറ്റിലേക്കുള്ള യാത്രയ്ക്കായി എത്തിയ റൗഫ് ബാഗേജ് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ഇമിഗ്രേഷന്‍ പരിശോധനയ്ക്കായി പോകുന്നതിനിടെയാണ് ഒരു ഇഡി ഉദ്യോഗസ്ഥനെത്തി റൗഫിനെ കസ്റ്റഡിയിലെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com