'ചികില്‍സ കഴിയട്ടെ, എന്നിട്ട് പറയാം' ; സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വരുന്നതില്‍ കോടിയേരി
By സമകാലികമലയാളം ഡെസ്‌ക് | Published: 14th December 2020 09:59 AM |
Last Updated: 14th December 2020 10:30 AM | A+A A- |

കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍ ചിത്രം
കണ്ണൂര്‍ : കേരളത്തില്‍ ഇടതു തരംഗമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസപ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും. കേരളത്തിലെ 14 ജില്ലകളില്‍ 13 ജില്ലകളിലും എല്‍ഡിഎഫിന് ഇത്തവണ മുന്‍തൂക്കം ലഭിക്കും. കഴിഞ്ഞ തവണ കേരളത്തില്‍ ഏഴിടത്താണ് എല്‍ഡിഎഫിന് അനുകൂലമായത്.
ഇത്തവണ കേരളത്തിലുടനീളം കാണുന്ന മുന്നേറ്റം ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റമാകും. കോവിഡ് കാലത്ത് പട്ടിണിയില്‍ നിന്ന് രക്ഷിച്ച സര്‍ക്കാരിന് അല്ലാതെ ആര്‍ക്കാണ് ജനം വോട്ടു ചെയ്യുക. 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ തുക 1400 രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാരിനല്ലേ ജനം വോട്ടു ചെയ്യുകയുള്ളൂ എന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ കള്ളപ്രചാരവേലയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതൊന്നും ജനങ്ങളില്‍ ഒരു പ്രതികരണവും ഉണ്ടാക്കാന്‍ പോകുന്നില്ല. അതെല്ലാം അന്തി ചര്‍ച്ചകളിലെ വിഷയമല്ലാതെ, തെരഞ്ഞെടുപ്പിലെ വിഷയമേ അല്ല. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ വലിയ പൊട്ടിത്തെറിയുണ്ടാകും.
ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്ന കോണ്‍ഗ്രസിന്റെ നയം അഖിലേന്ത്യാ നേതൃത്വത്തിന് പോലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് കോണ്‍ഗ്രസില്‍ വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കും. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പമുണ്ടായിരുന്ന എല്‍ജെഡിയും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ഇടതുപക്ഷത്തിനൊപ്പമാണ്. ഇത്തരത്തിലുള്ള മാറ്റം ഇനിയും യുഡിഎഫിലുണ്ടാകും.
ബിജെപിക്ക് 2015 ല്‍ ലഭിച്ചതിനേക്കാള്‍ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിയില്ല. ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ കീഴ്പ്പോട്ടാണ്. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനുള്ള ഒരു നീക്കവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ഇന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളെ അട്ടിമറിക്കാനും എംഎല്‍എമാരെയും കാലുമാറ്റാനും കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. കേരളത്തില്‍ അത് നടപ്പാകാത്തതിനാല്‍ മറ്റു തരത്തിലുള്ള കുതന്ത്രങ്ങള്‍ ഉപയോഗിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ ചികില്‍സ നടക്കുകയാണ്. ചികില്‍സയുടെ ഭാഗമായിട്ട് ലീവെടുത്ത് മാറിനില്‍ക്കുകയാണ്. ചികില്‍സ കഴിയട്ടെ അതിന് ശേഷം പറയാമെന്ന് കോടിയേരി പറഞ്ഞു. കണ്ണൂരില്‍ കള്ളവോട്ട് നടക്കുന്നു എന്നത് എല്ലാക്കാലത്തും പറയുന്നതാണെന്നും കോടിയേരി പറഞ്ഞു.