'ശബ്ദം തന്റേതുതന്നെ, പിന്നില്‍ പൊലീസ് ; ഓപ്പറേഷന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍' ; വെളിപ്പെടുത്തല്‍

ഉന്നത നിര്‍ദേശപ്രകാരമാണ് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയത്
സ്വപ്‌ന സുരേഷ് / ഫയല്‍ ചിത്രം
സ്വപ്‌ന സുരേഷ് / ഫയല്‍ ചിത്രം


കൊച്ചി :  മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തിന് പിന്നില്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് നേതൃത്വം നല്‍കിയതെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും ഇതിനു പിന്നില്‍ പൊലീസിലെ ചിലരായിരുന്നുവെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. 

ഉന്നത നിര്‍ദേശപ്രകാരമാണ് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലീസാണ് സ്വപ്നയ്ക്കു കാവലിനുള്ളത്.

കൊച്ചിയില്‍ ഇഡി കസ്റ്റഡിയിലായിരിക്കെ, അഞ്ച് വനിതാ പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്‌തെന്നാണ് വിവരം. 

മറുവശത്ത് ആരാണെന്ന് പറഞ്ഞിരുന്നില്ലെന്നും സ്വപ്‌ന കസ്റ്റംസിനെ അറിയിച്ചു. ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു. 

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമായിരുന്നു. ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി 'ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍' നടത്തിയെന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നാണു സന്ദേശത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com