ശബരിമലയില്‍ ഇനി ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം ; ആരോഗ്യവകുപ്പ് മാനദണ്ഡങ്ങള്‍ പുതുക്കി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th December 2020 02:15 PM  |  

Last Updated: 15th December 2020 02:15 PM  |   A+A-   |  

sabarimala pilgrimage

ശബരിമല / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : ശബരിമലയില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ശബരിമല തീര്‍ത്ഥാടനത്തിനുള്ള കോവിഡ് മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുതുക്കി. ശബരിമലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മാനദണ്ഡം പുതുക്കിയത്. 

ഡിസംബര്‍ 26 മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം നിലവില്‍ വരും. തീര്‍ത്ഥാടകര്‍ക്കും ശബരിമല ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് നടത്തിയ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റാണ് കൊണ്ടു വരേണ്ടത്. 

ശബരിമലയില്‍ കഴിഞ്ഞദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 36 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 238 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. രോഗബാധിതരില്‍ 18 പൊലീസുകാരും 12 ദേവസ്വം ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. 

പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെനിന്നു ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് സന്നിധാനം വിട്ടുപോകാനും ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.