ലിഫ്റ്റ് നിശ്ചലമായി, ഏഴാം നിലയിലേക്കു പിടിച്ചു കയറി രക്ഷപെടാൻ ശ്രമിച്ച യുവാവ് കാൽവഴുതി താഴെ വീണു; ​ഗുരുതര പരിക്ക്

ആറാം നിലയ്ക്കും ഏഴാം നിലയ്ക്കുമിടയിൽ നിശ്ചലമായ ലിഫ്റ്റിൽ നിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽവഴുതി ലിഫ്റ്റിനും ഭിത്തിക്കുമിടയിലെ വിടവിലൂടെ താഴേക്കു വീണത്
പ്രതീകാത്മക ചിത്രം/ ഫയൽ ഫോട്ടോ
പ്രതീകാത്മക ചിത്രം/ ഫയൽ ഫോട്ടോ

തൃശൂർ: ലിഫ്റ്റിൽ കുടുങ്ങിപ്പോയ യുവാവ് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്കു വീണ് ഗുരുതരപരുക്ക്. പാലക്കാട് സ്വദേശി അശോകൻ (42) ആണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ ആറാം നിലയ്ക്കും ഏഴാം നിലയ്ക്കുമിടയിൽ നിശ്ചലമായ ലിഫ്റ്റിൽ നിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽവഴുതി ലിഫ്റ്റിനും ഭിത്തിക്കുമിടയിലെ വിടവിലൂടെ താഴേക്കു വീണത്. കിഴക്കേക്കോട്ട കീരംകുളങ്ങര ഗായത്രി അപ്പാർട്ട്മെന്റിലാണ് ഇയാൾ താമസിക്കുന്നത്.

എട്ടാംനിലയിൽ താമസിക്കുന്ന അശോകൻ താഴേക്കിറങ്ങാനായി കയറിയ ലിഫ്റ്റ് ഏഴാം നില കഴിഞ്ഞപ്പോഴാണു കേടായത്. ഏഴാം നിലയ്ക്കും ആറാം നിലയ്ക്കും ഇടയിലായി നിന്നുപോയ ലിഫിറ്റിന്റെ വാതിൽ പുറത്തുനിന്നു ഫ്ലാറ്റിലെ മറ്റ് താമസക്കാർ താക്കോലിട്ടു തുറന്നു കൊടുത്തു. പാതി തുറന്ന വാതിലിലൂടെ ഏഴാം നിലയിലേക്കു പിടിച്ചു കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ആദ്യം ആറര നില താഴ്ചയിലേക്കും (ഭൂനിരപ്പു വരെ) പിന്നെ എട്ടടിയോളം ആഴത്തിലേക്കും അശോകൻ വീണുപോയി. തറനിരപ്പിൽ നിന്നു വീണ്ടും എട്ടടിയോളം താഴ്ചയുള്ള ലിഫ്റ്റ് വെല്ലിനുള്ളിൽ വീണു കിടക്കുന്ന നിലയിലാണ് അശോകനെ കണ്ടത്. കോണി വച്ച് ഇറങ്ങി അശോകനെ മുകളിലെത്തിക്കാൻ സഹതാമസക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ലിഫ്റ്റ് വെല്ലിൽ ഇറങ്ങി ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ തലയ്ക്കുള്ളിലും വാരിയെല്ലിലും പൊട്ടലുണ്ട്. ഇടുപ്പെല്ലും തകർന്ന നിലയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com