നാലാമത്തെ നോട്ടീസിൽ സി എം രവീന്ദ്രൻ എത്തി ; ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th December 2020 09:17 AM  |  

Last Updated: 17th December 2020 09:17 AM  |   A+A-   |  

private secretary raveendran

സി എം രവീന്ദ്രന്‍ / ഫയല്‍ ചിത്രം

 

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിലാണ് രവീന്ദ്രൻ രാവിലെ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പുള്ള നോട്ടീസിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പുറപ്പെടുവിക്കാനിരിക്കെയാണ് രവീന്ദ്രൻ ഹാജരായത്. 

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് നാലാമത്തെ തവണയാണ് ഇഡി നോട്ടീസ് നൽകിയത്. ആദ്യ മൂന്നു തവണയും കോവിഡ് രോ​ഗബാധയും അനുബന്ധപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഹാജരാകുന്നതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വിദ​ഗ്ധ പരിശോധനയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിന് നിർദേശിക്കുകയായിരുന്നു. 

താന്‍ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും രവീന്ദ്രന്‍ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്ക് കോവിഡാാനന്തര അസുഖങ്ങള്‍ ഉണ്ട്. അതിനാല്‍ കൂടൂതല്‍ സമയം ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ നോട്ടീസ് സ്‌റ്റേ ചെയ്യണം എന്ന് പറയാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്ന് ഇഡി വാദിച്ചു. പല തവണ സമന്‍സ് അയച്ചിട്ടും രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമത്തിന്റെ കരങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ രവീന്ദ്രന് ശ്രമിക്കുകയാണെന്നും ഇഡി ആരോപിച്ചു. 

സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ അറിവോടെയാണെന്ന് കേസിലെ പ്രതി സ്വപ്ന അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. രവീന്ദ്രന്റെ വടകരയിലെ ബിനാമി സ്ഥാപനങ്ങളിലെ ആസ്തി വകകളെക്കുറിച്ചും ഇ ഡി അന്വേഷണം നടത്തുന്നുണ്ട്.