സിപിഎം കൊടിയേന്തി മിനി കൂപ്പറില്‍ കാരാട്ട് ഫൈസല്‍, വിജയാഹ്ലാദ പ്രകടനം, റാലി 

സ്വര്‍ണക്കടത്തുകേസില്‍ ചോദ്യം ചെയ്തതോടെ സിപിഎം ജില്ലാ നേതൃത്വം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു
മിനി കൂപ്പറില്‍ കാരാട്ട് ഫൈസലിന്റെ റാലി
മിനി കൂപ്പറില്‍ കാരാട്ട് ഫൈസലിന്റെ റാലി

കോഴിക്കോട് :  മിനി കൂപ്പറില്‍ കയറി, സിപിഎം കൊടിയുമേന്തി കാരാട്ട് ഫൈസലിന്റെ വിജയാഹ്ലാദ പ്രകടനം. കോഴിക്കോട് കൊടുവള്ളി നഗരസഭ 15ാം വാര്‍ഡ് ചുണ്ടപ്പുറം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് കാരാട്ട് ഫൈസലിന്റെ വിജയം. ഈ വാര്‍ഡില്‍ ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചതാകട്ടെ പൂജ്യം വോട്ടാണ്. 

568 വോട്ടു നേടിയാണ് ഫൈസലിന്റെ വിജയം. ആദ്യം എല്‍ഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാര്‍ഥിയായതെങ്കിലും പിന്നീട് സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഐഎന്‍എല്‍ നേതാവ് ഒ പി റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 

ഇതോടെ കാരാട്ട് ഫൈസല്‍ അവസാന നിമിഷം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. കഴിഞ്ഞ തവണ പറമ്പത്തുകാവില്‍നിന്നാണ് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്.സ്വര്‍ണക്കടത്തുകേസില്‍ ചോദ്യം ചെയ്തതോടെ സിപിഎം ജില്ലാ നേതൃത്വം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്.

ഫൈസലിന്റെ പ്രചാരണം ഒളിഞ്ഞും തെളിഞ്ഞും നയിച്ചത് പ്രാദേശിക സിപിഎം നേതൃത്വമാണെന്ന ആരോപണവും സജീവമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു ലഭിച്ച പൂജ്യം വോട്ടുകള്‍ ഇതാണ് കാണിക്കുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെകെഎ കാദറാണ് രണ്ടാം സ്ഥാനത്തെത്തിയത്. നേടിയത് 495 വോട്ടുകള്‍. എന്‍ഡിഎ സ്ഥാനാര്‍ഥി പി.ടി. സദാശിവന് 50 വോട്ടുകള്‍ ലഭിച്ചു. കാരാട്ട് ഫൈസലിന്റെ അപരന്‍  കെ. ഫൈസലിന് ഏഴു വോട്ടുകള്‍ ലഭിച്ചു. കൊടുവള്ളി നഗരസഭ ഭരിക്കുക യുഡിഎഫ് ആയിരിക്കും.

2017 ൽ ജനജാഗ്രതാ യാത്രയ്ക്കിടെ കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കയറിയത് വിവാദമായിരുന്നു. ഫൈസലിന്റെ പുതിയ മിനികൂപ്പർ കാറിലാണ് ഇന്നലെ ആഹ്ലാദപ്രകടനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com