ലൈഫ് മിഷന് എതിരായ സിബിഐ കേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍; എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഭൂമി യൂണീടാക്കിന് കൈമാറിയതെന്ന് ഹൈക്കോടതി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിധിവിടുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. 
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: ലൈഫ് മിഷന് എതിരായ സിബിഐ കേസ് റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിധിവിടുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. 

ലൈഫ് മിഷന് എതിരായ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

പദ്ധതി നടക്കുന്ന വടക്കാഞ്ചേരിയിലെ സര്‍ക്കാര്‍ ഭൂമി എങ്ങനെയാണ് സ്വകാര്യ ഏജന്‍സിക്ക് നല്‍കാന്‍ കഴിയുന്നത് എന്ന് കോടതി ചോദിച്ചു. ലൈഫ് മിഷനും യൂണീടാക്കും തമ്മില്‍ കരാറില്ല, അങ്ങനെയെങ്കില്‍ കരാറില്ലാതെ യൂണീടാക്കിന് കെട്ടിടം നിര്‍മ്മിക്കാന്‍ എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ഭൂമി കൈമാറിയത് എന്നും കോടതി ചോദിച്ചു. യൂണീടാക്കിന് ഭൂമി കൈമാറിയത് നടപടി ക്രമങ്ങള്‍ പാലിച്ചാണോയെന്നും കോടതി ചോദിച്ചു. 

ഭൂമി ഇപ്പോഴും സര്‍ക്കാരിന്റേത് തന്നെയെന്ന് യൂണീടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ പറഞ്ഞു. യൂണീടാക്കും യുഎഇ കോണ്‍സുലേറ്റും തമ്മിലാണ് കരാര്‍ എന്നും സന്തോഷ് ഈപ്പന്‍ കോടതിയില്‍ അറിയിച്ചു.

ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാനായി സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. സ്ഥലം കൈമാറിയത് സംബന്ധിച്ച് ആര്‍ക്കും പരാതിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

സിബിഐ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെന്നും സര്‍ക്കാര്‍ആ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com