ഇന്നലെ 13 മണിക്കൂര്‍, ഇന്ന് വീണ്ടും ; ചോദ്യം ചെയ്യലിനായി സി എം രവീന്ദ്രന്‍ ഇ ഡി ഓഫീസില്‍

ഇന്നലെ 13 മണിക്കൂറോളം രവീന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു
സി എം രവീന്ദ്രന്‍ / ഫയല്‍ ചിത്രം
സി എം രവീന്ദ്രന്‍ / ഫയല്‍ ചിത്രം

കൊച്ചി : നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി രവീന്ദ്രൻ രാവിലെ വീണ്ടും ഇഡി ഓഫീസിലെത്തുകയായിരുന്നു. ഇന്നലെ 13 മണിക്കൂറോളം രവീന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 11 മണി വരെ നീണ്ടിരുന്നു. രാത്രി 11.15 ഓടെയാണ് ഇഡി രവീന്ദ്രനെ വിട്ടയച്ചത്.  ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളില്‍ കള്ളപ്പണ ഇടപാടുകളുണ്ടോയെന്ന അന്വേഷണത്തിന്‍റെ ഭാഗമായായിരുന്നു ചോദ്യം ചെയ്യൽ.

സി എം രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന വിവരം. ലൈഫ് മിഷന്‍, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഇടപാടുകളില്‍ ശിവശങ്കറിനു നിര്‍ദേശങ്ങള്‍ രവീന്ദ്രനില്‍ നിന്നാണ് ലഭിച്ചതെന്ന് ഇ ഡിക്ക് വിവരം ലഭിച്ചു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ ഡിയുടെ ചോദ്യത്തിന് രവീന്ദ്രന്‍ വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴിനല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com