ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് ഇടതുമുന്നണി പാഠം ഉള്‍ക്കൊണ്ടു; ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുയാണ് വിജയത്തിലേക്കുള്ള വഴി;  വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ആവശ്യമുള്ള തയ്യാറെടുപ്പുകള്‍ നടത്തും
എ വിജയരാഘവന്‍ /ഫയല്‍ ചിത്രം
എ വിജയരാഘവന്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം: 1990 ന് ശേഷം ആദ്യമായാണ് അധികാരിത്തിലിരിക്കുന്ന സര്‍ക്കാരിന്  അനുകൂലമായ തരത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍  വിജയം ഉണ്ടാകുന്നതെന്ന്  എ വിജയരാഘവന്‍.  സര്‍ക്കാര്‍ നയത്തിനുള്ള വലിയ അംഗീകരമാണിത്.മുസ്ലിം മത മൗലികവാദികളുമായും  ബിജെപിയുമായും ചേര്‍ന്ന്  വളഞ്ഞ വഴിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു

വിജയത്തിന്റെ തുടര്‍ച്ച എന്നതാണ് പ്രധാനമെന്നും അതിനു വേണ്ടി ക്രമീകരണങ്ങളും തയ്യാറെടുപ്പും നടത്താനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതികളുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഡിസംബര്‍ 22ന്  രാവിലെ 10 മണിക്ക് കൊല്ലത്ത് തുടക്കമാകും. അന്നു വൈകുന്നേരം നാലിന് പത്തനംതിട്ടയിലും മുഖ്യമന്ത്രിയെത്തും. 23ന് രാവിലെ ഇടുക്കിയിലും വൈകിട്ട് കോട്ടയത്തുമാകും പര്യടനം. 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ആവശ്യമുള്ള തയ്യാറെടുപ്പുകള്‍ നടത്തും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടതാണ് വലിയ വിജയം നേടാന്‍ ഇടതുമുന്നണിയെ സഹായിച്ചത്. വളരെ കരുതലോടെ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ് വിജയത്തിലേക്കുള്ള വഴിയെന്നും വിജയരാഘവന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com