19 സീറ്റ് കിട്ടിയപ്പോള്‍ ആരും പൂച്ചെണ്ട് തന്നില്ല; ഇപ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് ക്രൂരം; പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി

സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സ്ഥിതി തെരഞ്ഞടുപ്പില്‍ ചര്‍ച്ചയായില്ല. ഇത് പരിശോധിക്കും
മുല്ലപ്പള്ളി രാമചന്ദ്രന്‍ /ഫയല്‍ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രന്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ഏറ്റെടുക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സ്ഥിതി തെരഞ്ഞടുപ്പില്‍ ചര്‍ച്ചയായില്ല. ഇത് പരിശോധിക്കും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ജനുവരി ആറ്, എഴ് തിയ്യതികളില്‍ രാഷ്ട്രീയ കാര്യസമിതിയോഗം ചേരും. യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റ് ലഭിച്ചപ്പോള്‍ തനിക്ക ആരും പൂച്ചെണ്ട് തന്നിട്ടില്ല. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ്് പരാജയത്തില്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചത് ക്രൂരമായി പോയെന്ന മുല്ലപ്പള്ളി പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്ത്വം പൂര്‍ണമായി ഏറ്റെടുക്കുന്നു. വിജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒട്ടേറേ പേരുണ്ടാകും എ്ന്നാല്‍ പരാജയം അനാഥമാണ്.

വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തിയില്‍ ഇടം പിടിക്കല്‍ തന്റെ രാഷ്ട്രീയ ശൈലിയല്ല.  അത് ഞാന്‍ ഇഷ്ടപ്പെടുന്നുമില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് ശക്തമായ ഭാഷയില്‍ നേരായി പറയുക എന്നതാണ് തന്റെ ശൈലി. അല്ലാതെ ഒളിച്ചുവച്ചുപറയുന്ന പരിപാടി തനിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ പോയത് ദൗര്‍ഭാഗ്യകരമാണ്. കൂടുതല്‍ ഐക്യത്തോടെയും കൂട്ടുത്തരവാദിത്തോടെയും പാര്‍ട്ടി മുന്നോട്ടുപോകും. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിച്ചില്ലന്ന് പൊതുവിലയിരുത്തലാണ് ഇന്നലെ നടന്നത്. യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന ക്ഷേമപെന്‍ഷന്‍, ആരോഗ്യരംഗത്തെ മികച്ചനേട്ടങ്ങള്‍ ഈ സര്‍ക്കാരിനെ അപേക്ഷിച്ച് മുന്‍പന്തിയിലായിരുന്നു. പക്ഷെ വേണ്ടവിധത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധിയും  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

സുധാകരന്റെ ഭാഗത്തുനിന്നുണ്ടായത് ക്രിയാത്മകവിമര്‍ശനം മാത്രമാണ്. താന്‍ കെപിസിസി അധ്യക്ഷനായ ശേഷം ഐക്യമുയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. ഒരിക്കല്‍ പോലും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ല. തന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. നിര്‍ണായക തീരുമാനം എടുക്കുമ്പോള്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കാറുള്ളത് മുല്ലപ്പള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com