പൂജ്യം വോട്ടില്‍ നടപടി ; കൊടുവള്ളി ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

ചുണ്ടപ്പുറം പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാന്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുകയായിരുന്നു
മിനി കൂപ്പറില്‍ കാരാട്ട് ഫൈസലിന്റെ റാലി/ ഫയൽ ചിത്രം
മിനി കൂപ്പറില്‍ കാരാട്ട് ഫൈസലിന്റെ റാലി/ ഫയൽ ചിത്രം

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളി ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു. കൊടുവള്ളി നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ചുണ്ടപ്പുറം വാര്‍ഡിലെ തോല്‍വിയുമായി ബന്ധപ്പെട്ടാണ് നടപടി. 

ചുണ്ടപ്പുറം വാര്‍ഡില്‍ ഇടതുമുന്നണിക്ക് ബദലായി സ്വതന്ത്രനായി മല്‍സരിച്ച കാരാട്ട് ഫൈസലാണ് വിജയിച്ചത്. ഈ വാര്‍ഡില്‍ ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടു പോലും ലഭിച്ചില്ല. 

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ചുണ്ടപ്പുറം പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാന്‍ ഇന്നു ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചുണ്ടപ്പുറം വാര്‍ഡില്‍ ആദ്യം കാരാട്ട് ഫൈസലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസലിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു. 

ഇതേത്തുടര്‍ന്ന് ആരോപണ വിധേയനായ ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഒ പി റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വെല്ലുവിളിച്ച് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മല്‍സരിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com