'സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പന്‍', ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം നല്‍കിയ പത്തു കോടി രൂപ തിരികെ നല്‍കണം: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2020 04:24 PM  |  

Last Updated: 18th December 2020 04:24 PM  |   A+A-   |  

high court order

ഫയല്‍ ചിത്രം

 

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്തു കോടി രൂപ തിരികെ നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ് എന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അവകാശമില്ലെന്ന് കാണിച്ച് ഹിന്ദു ഐക്യവേദി നേതാവ് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കല്‍ ആണ് ദേവസ്വം ബോര്‍ഡിന്റെ ചുമതലയെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം നിയമത്തിന് പരിധിക്കുള്ളില്‍നിന്നു മാത്രമേ ഭരണസമിതിക്ക് പ്രവര്‍ത്തിക്കാനാകൂ. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വത്തോട് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വിശദീകരിച്ചു.

പ്രളയ കാലത്തും കോവിഡ് കാലത്തും ആയി 10 കോടി രൂപയാണു ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. ഇതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ദേവസ്വത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമായതിനാല്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്ക് അല്ലാതെയും ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ വാദം. ഇത് തള്ളിയാണ് കോടതി പണം തിരികെ നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ദേവസ്വം ഫണ്ട് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് വിവിധ വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് ഫുള്‍ ബെഞ്ചിനു വിടുകയായിരുന്നു. ഫണ്ടിന്റെ വിനിയോഗം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീര്‍പ്പിനു വിധേയമായിരിക്കും എന്നും വ്യക്തമാക്കിയിരുന്നു. ഹിന്ദു ഐക്യവേദി ഭാരവാഹി ആര്‍ വി ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് തുടങ്ങിയവരാണ് ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.