സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എണ്ണം കുറയ്ക്കണം; മാര്‍ഗനിര്‍ദേശം

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th December 2020 09:33 PM  |  

Last Updated: 19th December 2020 09:33 PM  |   A+A-   |  

kerala schools are likely to open in january

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ജനുവരിയില്‍ സ്‌കൂളുകളും കോളജുകളും തുറക്കാനിരിക്കെ മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ ഗുണമേന്‍മ സമിതി (ക്യു ഐ പി). സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും സമതി വ്യക്തമാക്കി. സ്‌കൂള്‍തലത്തില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി പിടിഎ യോഗങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ചേരും. ഇന്ന് ചേര്‍ന്ന സമതിയുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ തീരുമാനമായത്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. 

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തോടെ, വിദ്യാര്‍ഥികള്‍ക്ക് പഠനപിന്തുണയും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗും നല്‍കുന്ന തിനുള്ള നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ചും, പരീക്ഷകള്‍ സംബന്ധിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

ജനുവരി 1 മുതല്‍ 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളില്‍ എത്താവുന്നതാണ്.