പ്രശസ്തിയിൽ അസൂയ, കലാമിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടിക്കൊന്നു, അറസ്റ്റ്

അവശനായ ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻവാരിയെല്ലുകൾ ഒടിഞ്ഞതാണു മരണകാരണമായത്
ശിവരാമൻ പൂക്കൾകൊണ്ട് അബ്ദുൾ കലാമിന്റെ പ്രതിമ അലങ്കരിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
ശിവരാമൻ പൂക്കൾകൊണ്ട് അബ്ദുൾ കലാമിന്റെ പ്രതിമ അലങ്കരിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്

കൊച്ചി; മറൈൻ ഡ്രൈവിലെ എപിജെ അബ്ദുൾ കലാമിന്റെ പ്രതിമ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച് മലയാളികളുടെ കയ്യടി നേടിയ ശിവദാസൻ കൊല്ലപ്പെട്ടു. സംഭവത്തിൽ പറവൂർ ഏഴിക്കര സ്വദേശി രാജേഷിനെയാണു(സുധീർ–40) അറസ്റ്റ് ചെയ്തു. ശിവദാസൻ പ്രശസ്തനായതിലുള്ള അസൂയയാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലം 

കഴിഞ്ഞ ദിവസമാണ് ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലെ അസ്വാഭാവിക മുറിവുകൾ പരിശോധനയിൽ കണ്ടതിനെത്തുടർന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വടി എന്ന് അറിയപ്പെടുന്ന രാജേഷ് അറസ്റ്റിലായത്. ഭിന്നശേഷിക്കാരനായ ഇയാളും സംഘവുമാണു മറൈൻ ഡ്രൈവിൽ പല സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്.  

വാർത്തകളിലൂടെ പ്രശസ്തനായ ശിവദാസന്റെ ജീവിതം സമൂഹമാധ്യമങ്ങളിലും വൈറലായി. ഇദ്ദേഹത്തെ പലരും അന്വേഷിച്ചെത്തുകയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുന്നതു പതിവായിരുന്നു. മറൈൻ ഡ്രൈവിൽ കലാം പ്രതിമയ്ക്കു സമീപം അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു. ഇതിൽ അസൂയ പൂണ്ട പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു.

15ന് രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അവശനായ ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻവാരിയെല്ലുകൾ ഒടിഞ്ഞതാണു മരണകാരണമായത്. കൊലപാതക ശേഷം തെളിവുകൾ നശിപ്പിക്കാനും രാജേഷ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന് സംശയം ഉയർന്നതോടെ മറ്റു ചിലരുടെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു. കോയിവിള സ്വദേശിയാണ് ശിവദാസൻ. അടുത്തിടെയാണ് ശിവദാസന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com