മാളില്‍ യുവനടിയെ ആക്രമിച്ച കേസ്: പെരിന്തല്‍മണ്ണ സ്വദേശികളായ പ്രതികള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 20th December 2020 09:00 PM  |  

Last Updated: 20th December 2020 09:00 PM  |   A+A-   |  

Case against assaulting a young woman in a mall

കൊച്ചിയിലെ മാളില്‍ നടിയെ ആക്രമിച്ച പ്രതികള്‍/ ചിത്രം സിസിടിവി ദൃശ്യം

 

കൊച്ചി: കൊച്ചിയിലെ മാളില്‍ യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെ കളമശേരി പൊലീസാണ് പിടികൂടിയത്. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്ക് ഒപ്പം എത്തുന്നതിന് തൊട്ടുമുന്‍പാണ് കസ്റ്റഡിയിലെടുത്തത്. 

കഴിഞ്ഞ ദിവസം പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതാണ് നിര്‍ണായക വഴിത്തിരിവായത്.ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയിരുന്നു.പ്രതികള്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്ന് സംശയം വന്നതോടെ വടക്കന്‍ ജില്ലകളായ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മാളില്‍ വച്ചുണ്ടായ ദുരനുഭവം വിവരിച്ചത്. തിരക്കൊഴിഞ്ഞ സ്ഥലത്തുവച്ചു തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പിന്നീട് പിന്തുടര്‍ന്നെത്തി ശല്യം ചെയ്‌തെന്നുമാണ് താരം പറയുന്നത്. അപ്രതീക്ഷിത സംഭവത്തിന്റെ അമ്പരപ്പിലായിരുന്നെന്നും പ്രതികരിക്കാനായില്ലെന്നും താരം പറയുന്നുണ്ട്. കുടുംബത്തിനൊപ്പം മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം.