എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ​ഗ്രേസ് മാർക്ക്; കഴിഞ്ഞ വർഷത്തെ മേളകളുടെ ​ഗ്രേഡ് പരി​ഗണിച്ചേക്കും

ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ എഴുതുന്നവർ അവർ ഒമ്പതാം ക്ലാസിലായിരുന്നപ്പോൾ മേളകളിൽ കിട്ടിയ ഗ്രേഡുകളായിരിക്കും വന്നാൽ കണക്കിലെടുക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി; കലാ കായിക മേളകളൊന്നും ഇല്ലാത്ത ഒരു അധ്യായന വർഷമാണ് കടന്നു പോകുന്നത്. എന്നാൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ​ഗ്രേസ് മാർക്ക് ഇത്തവണയും ഉണ്ടാകുമെന്നാണ് സർക്കാർ തീരുമാനം. എന്നാൽ ഇത് നടപ്പാക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിദ്യാർത്ഥികളുടെ കഴിഞ്ഞ വർഷത്തെ ​ഗ്രേസ് മാർക്കുകൾ പരി​ഗണിക്കാനാണ് ആലോചിക്കുന്നത്. 

ഗ്രേസ് മാർക്ക് കൊടുക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്ന കാര്യത്തിൽ പരാതി ഉണ്ടാവരുതെന്ന നിർദേശവും സർക്കാരിൽനിന്ന് ഉണ്ടായിട്ടുണ്ട്. എസ് സിഇആർടിഇയ്ക്കാണ് മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള ചുമതല. തുറക്കാതിരുന്നതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത പശ്ചാത്തലത്തിലാണ് ഗ്രേസ് മാർക്ക് കൊടുക്കുന്നത് വെല്ലുവിളിയായി മാറുന്നത്.

ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ എഴുതുന്നവർ അവർ ഒമ്പതാം ക്ലാസിലായിരുന്നപ്പോൾ മേളകളിൽ കിട്ടിയ ഗ്രേഡുകളായിരിക്കും ഇങ്ങനെ വന്നാൽ കണക്കിലെടുക്കുക. അതുപോലെ ഇക്കൊല്ലത്തെ പ്ലസ്ടുക്കാരിൽ അവർ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ മേളകളിൽ കിട്ടിയ ഗ്രേഡുകളും.

ദേശീയ തല മത്സരങ്ങളിലും ഒമ്പത്, പ്ലസ് വൺ ക്ലാസുകാർ മികവ് കാട്ടിയിട്ടുണ്ടെങ്കിൽ പരിഗണനയിൽ വരാനുള്ള സാധ്യതയാണ് തെളിയുന്നത്. മേളകൾ ഒഴിച്ചുള്ളവയുടെ കാര്യത്തിലും ഇതേ രീതി തന്നെ പരീക്ഷിക്കാനാണ് സാധ്യത. എൻസിസി, എൻഎസ്എസ്, സ്റ്റുഡന്റ്സ്‌ പോലീസ് തുടങ്ങിയവയിൽ എല്ലാ കൊല്ലവും 10, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ മിക്കവാറും ഉണ്ടാവാറില്ല. ഇവയിൽ ഗ്രേസ് മാർക്ക് കിട്ടാനുള്ള നിബന്ധനകൾ ഒമ്പത്, 11 ക്ലാസുകളിൽ വച്ചു തന്നെ പൂർത്തിയാക്കാറാണ് പതിവ്.

ഇക്കൊല്ലം ഇവയിൽ ഓൺലൈൻ വഴി രജിസ്‌ട്രേഷൻ നടന്നിട്ടുണ്ട്. എന്നാൽ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. അതിനാൽ അത് അടിസ്ഥാനമാക്കി ഗ്രേസ് മാർക്ക് നിശ്ചയിച്ചാൽ പരാതി ഉണ്ടാവാനുള്ള സാധ്യതയും വിദ്യാഭ്യാസ വകുപ്പ് കണക്കിലെടുക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com